പുത്തൂർ ∙ എംസി റോഡിൽ അപകടങ്ങൾ പതിവായ ഏറത്തുകുളക്കട ജംക്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ യാഥാർഥ്യമായി.
സ്വിച്ച് ഓൺ കർമം 4ന് രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. എംഎൽഎ ഫണ്ട് ഉപയോഗിച്ചു പുത്തൂർമുക്ക്, ലക്ഷംവീട് ജംക്ഷൻ, ഏറത്തുകുളക്കട
ജംക്ഷൻ എന്നിവിടങ്ങളിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അധ്യക്ഷത വഹിക്കും. താഴത്തുകുളക്കട
റോഡ് എംസി റോഡിൽ സന്ധിക്കുന്ന ജംക്ഷനാണ് ഏറത്തുകുളക്കട ജംക്ഷൻ.
തൊട്ടടുത്താണ് കുളക്കട ജിവിഎച്ച്എസ്എസ് സ്ഥിതി ചെയ്യുന്നത്.
സ്ഥിരം അപകട മേഖലയായ ഇവിടെ രാവിലെയും വൈകിട്ടും പൊലീസിന്റെ സഹായത്തോടെയാണു സ്കൂൾ കുട്ടികൾ റോഡ് കുറുകെ കടക്കുന്നത്.
ഇരുവശത്തേക്കും അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ ഇടിച്ചു കാൽനടയാത്രികർ ഉൾപ്പെടെ ഒട്ടേറെ പേർ മരിച്ചിട്ടുണ്ട്.
സ്കൂൾ പിടിഎ പ്രസിഡന്റ് ആർ.രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്കു നൽകിയ നിവേദനത്തെത്തുടർന്നു കലക്ടറുടെ അനുമതിയോടെയാണു ലൈറ്റുകൾ സ്ഥാപിച്ചത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഇടപെടലും തുണയായി.
തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് സ്വന്തം ചെലവിൽ 4 ഭാഗങ്ങളിലായി 5 സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കാൽനട
യാത്രികർക്കു റോഡു മുറിച്ചു കടക്കുന്നതിനുള്ള സിഗ്നൽ സംവിധാനവും ഇതോടൊന്നിച്ച് ഉണ്ട്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ വാഹനങ്ങളുടെ മരണപ്പാച്ചിലിനും അപകടങ്ങൾക്കും ഒരു പരിധി വരെ തടയിടാൻ കഴിയുമെന്നാണ് നാടിന്റെ പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

