ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലും ഫാമിലും ജനങ്ങളുടെ ഭീതിയായി മാറിയ ‘കണ്ണൂർ മഖ്ന’ എന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നീക്കങ്ങൾ സജീവമാക്കി വനംവകുപ്പ്. ആനയുടെ സാന്നിധ്യം കണ്ടെത്താനുള്ള നിരീക്ഷണത്തിന്റെ ഭാഗമായി 3–ാം ദിവസവും തെരച്ചിൽ തുടർന്നുവെങ്കിലും ഇതുവരെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.
രണ്ട് ദിവസങ്ങൾക്ക് മുൻപ് വന്യജീവി സങ്കേതത്തിലേക്ക് നീങ്ങിയ കെഎം1 മോഴയാന ഉൾവനത്തിലേക്ക് തന്നെ ഉൾവലിഞ്ഞിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വനം ദ്രുതപ്രതികരണ സേന (ആർആർടി) ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, വനം നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ.
ഇല്യാസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പുനരധിവാസ മേഖലയിലും ആറളം ഫാമിലും പരിശോധനകൾ ഏകോപിപ്പിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയും ദുഷ്കരമായ കാലാവസ്ഥയും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ തിരിച്ചടിയാകുന്നുണ്ട്.
ജനവാസ മേഖലകളിൽ അതിക്രമിച്ചുകടന്ന് ഭീതി പരത്തിയ ശേഷം അതിവേഗം വനത്തിലേക്ക് തന്നെ അപ്രത്യക്ഷമാകുന്നതാണ് ഈ മോഴയാനയുടെ രീതിയെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഫാമിലെ 10–ാം ബ്ലോക്കിനോടൊപ്പം 7, 9, 13-ാം ബ്ലോക്കുകൾ എന്നിവയാണ് ഈ ആന പ്രധാനമായും സഞ്ചരിക്കുന്ന പ്രദേശങ്ങൾ.
ആനക്കൊട്ടിലിനുള്ള ഒരുക്കം തുടങ്ങി മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ താൽക്കാലികമായി സുരക്ഷിതമായി പാർപ്പിക്കുന്നതിനായുള്ള ആനക്കൊട്ടിൽ നിർമാണത്തിനുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിലേക്ക് ആവശ്യമായ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി വയനാട് വനമേഖലയിൽ മരങ്ങൾ അടയാളപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
ഈ തടികൾ ശേഖരിച്ച് വയനാട്ടിൽ വനംവകുപ്പ് പ്രത്യേകമായി നിശ്ചയിക്കുന്ന കേന്ദ്രത്തിൽ എത്തിച്ചായിരിക്കും ആനക്കൊട്ടിൽ നിർമിക്കുക. ഈ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമായിരിക്കും മയക്കുവെടി വെച്ചുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടക്കുക.
ആനയെ സുരക്ഷിതമായി പിടികൂടുന്നതിന് മുൻപായി അതിന്റെ ആരോഗ്യസ്ഥിതിയും പെരുമാറ്റ രീതികളും സൂക്ഷ്മമായി വിലയിരുത്തുന്നതിനായാണ് ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കാടുകയറി തിരച്ചിൽ നടത്തുന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

