പ്രതിസന്ധികളോടും ദാരിദ്ര്യത്തോടും പടവെട്ടി ജീവിതവിജയം നേടിയിരിക്കുകയാണ് തൃശൂർ സ്വദേശിനിയായ അനീഷ. ഒരുകാലത്ത് ഒറ്റമുറി വാടകവീട്ടിൽ ദുരിതപൂർണ്ണമായ സാഹചര്യം നേരിട്ടിരുന്ന പെൺകുട്ടിയാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടം കുറിച്ചിരിക്കുന്നത്.
തിരുനെൽവേലി മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. ആർക്കിയോളജിയിൽ ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ കരസ്ഥമാക്കിയാണ് അനീഷ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്.
2018-ലെ അവസ്ഥയിൽ നിന്നും ഏറെ ദൂരം പിന്നിട്ടാണ് ഈ നേട്ടം. അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ കനി തുളസിയോടും സഹോദരനുമൊപ്പം അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഒറ്റമുറി പീടികമുറിയിലായിരുന്നു താമസം.
വാടകമുറിയിൽ ശുചിമുറി സൗകര്യമില്ലാത്തതിനാൽ സ്കൂളിൽ എത്തുമ്പോൾ മാത്രമായിരുന്നു അനീഷ പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചിരുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ ഭക്ഷണം കഴിച്ചാൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ പല ദിവസങ്ങളിലും വിശപ്പ് അടക്കിപ്പിടിച്ച് കഴിയേണ്ടിവന്ന ദുരിതകാലം അന്ന് ഏറെ വാർത്തകളിൽ ഇടംനേടിയിരുന്നു.
എന്നാൽ എട്ടുവർഷങ്ങൾക്കിപ്പുറം കണ്ണീരണിയിക്കുന്ന ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് തിളക്കമാർന്ന വിജയവുമായാണ് അനീഷ തിരിച്ചെത്തിയിരിക്കുന്നത്. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് ദുരിതങ്ങളെയും അതിജീവിച്ച് വിജയത്തിലെത്താമെന്ന് ഈ മിടുക്കി തെളിയിക്കുന്നു.
സ്വന്തമായി വീടില്ലാതെ ആക്രി പെറുക്കി ജീവിച്ചിരുന്ന കുടുംബത്തിന്റെ ദയനീയവസ്ഥ മനസ്സിലാക്കിയ അന്നത്തെ കുന്നംകുളം നഗരസഭ സെക്രട്ടറി കെ.കെ. മനോജ് ഇടപെടുകയായിരുന്നു.
തുടർന്ന് ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ കുന്നംകുളം നഗരസഭ ഇവർക്കായി പുതിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. മനുഷ്യസ്നേഹികളുടെ പിന്തുണയും അമ്മയുടെയും മകളുടെയും കഠിന പരിശ്രമവുമാണ് ഈ ഉന്നത വിജയത്തിന് പിന്നിൽ.
റാങ്ക് നേടിയ വിവരം അറിഞ്ഞ് അനീഷയുടെ വീട്ടിലെത്തിയ വാർഡ് കൗൺസിലർ ലബീബ് ഹസ്സൻ അമ്മയെയും മകളെയും ആദരിച്ചു. കൂടാതെ അനീഷ വിദ്യാഭ്യാസം നേടിയിരുന്ന കുന്നംകുളം ചിറളയം ബഥനി ഗേൾസ് ഹൈസ്കൂളിൽ വെച്ച് റാങ്ക് ജേതാവിന് പൗരസ്വീകരണം നൽകുമെന്ന് കൗൺസിലർ ലബീബ് ഹസ്സൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

