മലയോര മേഖലയിലെ കേരകർഷകർക്ക് വലിയ പ്രതിസന്ധിയായി പച്ചത്തേങ്ങയ്ക്കും ചിരട്ടയ്ക്കും വിപണിയിൽ വിലയിടിവ് നേരിടുന്നു. ചെറുപുഴയിൽ പച്ചത്തേങ്ങയുടെ വിലയിടിഞ്ഞതിനു പിന്നാലെയാണ് വിപണിയിൽ ചിരട്ടയുടെ വിലയും കുത്തനെ ഇടിഞ്ഞത്.
നേരത്തെ ഒരു കിലോഗ്രാം ചിരട്ട നൽകിയാൽ 38 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 33 രൂപ മാത്രമാണു ലഭിക്കുന്നതെന്നു കർഷകർ പറയുന്നു.
മുമ്പ് ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 78 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 53 രൂപ മാത്രമാണു കർഷകർക്ക് ലഭിക്കുന്നത്.
പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെയാണു ചിരട്ടയുടെ വിലയും കുറയാൻ തുടങ്ങിയത്. ചിരട്ടയ്ക്ക് ആവശ്യമേറിയതോടെ ഇതു വാങ്ങാൻ ഒട്ടേറെ ആളുകളാണു വാഹനങ്ങളുമായി ഇപ്പോൾ വീടുകളിലെത്തുന്നത്.
എന്നാൽ ഇത്തരം സംഘങ്ങൾ ന്യായവില നൽകാതെ കർഷകരെ കബളിപ്പിക്കുകയാണു ചെയ്യുന്നത്. പച്ചത്തേങ്ങ കൊപ്രയാക്കുന്ന ഇടങ്ങളിലെത്തി ഒരു കിലോ ചിരട്ടയ്ക്ക് 38 രൂപ വരെ നൽകി ശേഖരിക്കുന്നവരുണ്ട്.
നാടുകാണി, കാസർകോട് ഭാഗങ്ങളിൽ നിന്നു ചിരട്ട വാങ്ങാൻ എത്തുന്ന ഒട്ടേറെ ആളുകളുണ്ട്.
ഇവർ നല്ല വില കർഷകർക്ക് നൽകാറുമുണ്ട്. എറണാകുളം, തമിഴ്നാട് എന്നിവിടങ്ങളിലേക്കും മലയോര മേഖലയിൽനിന്ന് ചിരട്ട
കൊണ്ടുപോകുന്നുണ്ട്. ചിരട്ട
കത്തിച്ചു കരിയാക്കിയ ശേഷം ആക്ടിവേറ്റഡ് കാർബണാക്കി മാറ്റുകയാണു ചെയ്യുന്നത്. ആക്ടിവേറ്റഡ് കാർബൺ ഉപയോഗിച്ചാണു സ്വർണ്ണം, വെള്ളം തുടങ്ങിയവ ശുദ്ധീകരിക്കാനും, പുകയില്ലാത്ത ഇന്ധനമായും ഉപയോഗിക്കുന്നത്.
ഇതിനുപുറമെ ചിരട്ട കരകൗശല വസ്തുക്കൾ, ഐസ്ക്രീം ബൗൾ, സ്പൂൺ തുടങ്ങിയവയുടെ നിർമാണത്തിനും ചിരട്ടപ്പൊടി പ്ലൈവുഡ്, പ്ലൈവുഡ് പശ എന്നിവയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു.
ഇതാണു ചിരട്ടയുടെ വില വർധിക്കാൻ പ്രധാന കാരണം. നേരത്തെ വീടുകളിൽ ചിരട്ട
അടുപ്പിൽ കത്തിക്കാനും ശേഷിക്കുന്ന വലിച്ചെറിയുകയുമാണു ചെയ്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ മിക്ക വീടുകളിലും ചിരട്ടകൾ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി.
ചിരട്ടയ്ക്ക് വിപണിയിൽ വില വർധിച്ചതോടെ മലയോര മേഖലയിൽ നിന്ന് ചിരട്ടകൾ മോഷണം പോകാനും തുടങ്ങിയിട്ടുണ്ട്. വിപണിയിൽ പച്ചത്തേങ്ങയുടെ വില വർധിച്ചാൽ മാത്രമെ ചിരട്ടയുടെ വിലയും വർധിക്കൂ.
ചിരട്ടയിൽനിന്ന് വരുമാനം ലഭിക്കാൻ തുടങ്ങിയത് കേരകർഷകർക്ക് ഒരു അനുഗ്രഹമായിരുന്നു. എന്നാൽ പച്ചത്തേങ്ങയുടെ വിലയിടിവ് കർഷകനു തിരിച്ചടിയായി.
പച്ചത്തേങ്ങയ്ക്ക് നേരത്തെ ഉണ്ടായിരുന്ന സംഭരണവില പുനഃസ്ഥാപിച്ച് ന്യായവില ഉറപ്പാക്കണമെന്നാണു കേരകർഷകരുടെ ആവശ്യം. കേരഫെഡ് സംഭരണകേന്ദ്രത്തിലും പച്ചത്തേങ്ങയ്ക്ക് വിലയില്ല കേരകർഷകരെ സഹായിക്കാൻ ചെറുപുഴയിൽ ആരംഭിച്ച കേരഫെഡിന്റെ സംഭരണകേന്ദ്രം നോക്കുകുത്തിയായി മാറി.
വിപണിവിലയെക്കാൾ കാര്യമായ വിലവ്യത്യാസം ഇല്ലാതെ വന്നതോടെയാണു സംഭരണ ഡിപ്പോയിൽ എത്തുന്ന പച്ചത്തേങ്ങയുടെ അളവിൽ വൻ കുറവുണ്ടായത്. തുടക്കത്തിൽ പദ്ധതി കർഷകർക്ക് വലിയ ആശ്വാസമായിരുന്നു.
ഒരു കിലോ പച്ചത്തേങ്ങയ്ക്ക് വിപണിയിൽ വില കുറഞ്ഞുനിന്ന സമയത്ത് കേരഫെഡ് 78 രൂപ വരെ നൽകിയിരുന്നു. വിപണിവിലയെക്കാൾ കിലോഗ്രാമിന് 5 രൂപ അധികം ലഭിച്ചതോടെ കർഷകർക്ക് നല്ല വില ലഭിക്കുകയും വിപണിയിലെ വിലയിടിവ് പിടിച്ചുനിർത്താനും സാധിച്ചു.
എന്നാൽ ഇപ്പോൾ സ്ഥിതി മാറി. വിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 51 രൂപ ലഭിക്കുമ്പോൾ കേരഫെഡിൽനിന്ന് 53 രൂപ മാത്രമാണു ലഭിക്കുന്നത്.
വെറും 2 രൂപയുടെ വ്യത്യാസം മാത്രം. ഇതോടെ പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള വണ്ടിക്കൂലി പോലും ലഭിക്കാത്ത സ്ഥിതിയാണ്.
വണ്ടിയുടെ വാടകയും തൊഴിലാളികളുടെ കൂലിയും നൽകി കഴിഞ്ഞാൽ കർഷകനു നഷ്ടമാണ് ഉണ്ടാകുന്നത്. ഇതോടെ കർഷകർ കേരഫെഡിന്റെ ചെറുപുഴയിലെ സംഭരണ കേന്ദ്രത്തെ കൈയൊഴിഞ്ഞ നിലയിലാണ്.
നേരത്തെ ടൺ കണക്കിനു പച്ചത്തേങ്ങ എത്തിയിരുന്ന സംഭരണകേന്ദ്രത്തിൽ ഇപ്പോൾ വളരെ കുറച്ചു പച്ചത്തേങ്ങ മാത്രമെ എത്തുന്നുള്ളൂ. അതും സംഭരണ കേന്ദ്രത്തിനു സമീപത്തുള്ളവർ കൊണ്ടുവരുന്നത് മാത്രം.
വിപണിവിലയ്ക്ക് അനുസരിച്ച് താങ്ങുവില ഉയർത്തി കേരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണു കർഷകരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

