കണ്ണൂർ ∙ കോർപറേഷൻ ഓഫിസിലെ സൈറൺ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനാൽ പിടിച്ചെടുക്കുമെന്ന കലക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. അപ്പീൽ നൽകണമെന്ന നേരത്തെ ചേർന്ന കൗൺസിൽ തീരുമാനത്തിൽ പുനഃപരിശോധന വേണ്ടെന്ന് എൽഡിഎഫ് കൗൺസിലർമാരായ ടി.രവീന്ദ്രനും പി.കെ.അൻവറും ആവശ്യപ്പെട്ടു.
കലക്ടറും കോർപറേഷനും തമ്മിൽ അധികാരത്തർക്കം ഇക്കാര്യത്തിൽ വേണ്ടെന്നും അധികശബ്ദമുണ്ടെങ്കിൽ കുറച്ചാൽ മതിയെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ ടി.ഒ.മോഹനൻ പറഞ്ഞു.
ശബ്ദം അധികമുണ്ടെങ്കിൽ കുറയ്ക്കാമെന്നു മേയർ മുസ്ലിഹ് മഠത്തിലും വ്യക്തമാക്കി. സൈറൺ പിടിച്ചെടുക്കണമെന്ന ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യണമെന്ന് കൗൺസിൽ നിർദേശിച്ചു.
സൈറൺ ശബ്ദം അനുവദനീയ പരിധിയിൽ നിർത്തുന്നതിനുള്ള നടപടി എന്തെല്ലാമാണെന്ന വിവരം ലഭ്യമാക്കാൻ മേയർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് സീനിയർ എൻവയൺമെന്റൽ എൻജിനീയർക്ക് കോർപറേഷൻ കത്ത് നൽകിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലേക്ക് പോകണോ എന്ന കാര്യം പുനഃപരിശോധിക്കാൻ ഇന്നലെ കൗൺസിൽ അജൻഡയായെത്തിയത്. കോർപറേഷൻ ഓഫിസിനു തൊട്ടടുത്ത റേഞ്ച് ഡിഐജി ഹൗസിലെ ജീവനക്കാർക്കും പരിസരവാസികൾക്കും സൈറൺ പ്രയാസം സൃഷ്ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഡിഐജി നൽകിയ പരാതിയിലാണ്, സൈറൺ നീക്കാൻ കോർപറേഷനോട് കലക്ടർ ഉത്തരവിട്ടിരുന്നത്.
സൂപ്രണ്ടിങ്എ ൻജിനീയർക്കെതിരെ നടപടിക്ക് ശുപാർശ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് ചില ഉദ്യോഗസ്ഥർ സൂപ്പർ തിരഞ്ഞെടുപ്പ് കമ്മിഷൻ ചമയുകയാണെന്ന് കൗൺസിലിൽ വിമർശനം.
ഉദ്യോഗസ്ഥരുടെ ഈ നിലപാട് കാരണം തീരുമാനമെടുത്തതും പ്രവൃത്തി ആരംഭിച്ചതുമായ റോഡിന്റെ അറ്റകുറ്റപ്പണി ഉൾപ്പെടെ മുടങ്ങുകയാണെന്നു കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
ഏറ്റെടുത്ത പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നും മേയർ സെക്രട്ടറിക്ക് നിർദേശം നൽകി. പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തിയ സൂപ്രണ്ടിങ് എൻജിനീയർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി മേയർ അറിയിച്ചു.
നഗരത്തിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ അടുത്തയാഴ്ച ട്രാഫിക് റഗുലേറ്ററി യോഗം ചേരും.
സ്റ്റേഡിയം കോർണറിൽ മൾട്ടി ലവൽ കാർ പാർക്കിങ് ആരംഭിച്ചുവെങ്കിലും പൊലീസ് മൈതാനത്തിന് സമീപവും റെയിൽവേ സ്റ്റേഷന് സമീപവും അനധികൃത പാർക്കിങ് നടത്തുകയാണെന്നും ഇവിടം നോ പാർക്കിങ് സോൺ ആക്കണമെന്നും ടി.ഒ.മോഹനൻ നിർദേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

