മലപ്പട്ടം∙ ടെൻഡറും റീ ടെൻഡറും ക്ഷണിച്ചിട്ടും ഏറ്റെടുക്കാനാളില്ലാതായതോടെ കോടികൾ ചെലവിട്ടു നിർമാണം നടത്തിയ മലപ്പട്ടത്തെ പാർക്കുകൾ നാശത്തിന്റെ വക്കിൽ. മുനമ്പുകടവ് പാർക്കും കൊവുന്തല ഉണക്കുകണ്ടം പാർക്കുമാണു അനാഥമായത്.
മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.37 കോടി രൂപ ചെലവിലാണു പാർക്ക് ഒരുക്കിയത്. പണി പൂർത്തിയാക്കി 2024 ജൂലൈയിൽ ഉദ്ഘാടനത്തിനുമൊരുങ്ങി. ഇതിനിടെ കൊവുന്തല പാർക്കിൽ പുഴയിൽ നിർമിച്ച ചൂണ്ടയിട്ടു മീൻപിടിക്കുന്നതിനുള്ള ആംഗ്ലിങ് യാഡും തൂണുകളും പടവുകളും ഉൾപ്പെടെ, നിർമാണത്തിലെ അപാകത മൂലം തകർന്നതും മുനമ്പുകടവ് പാർക്കിലെ നടപ്പാത പുഴയിലേക്ക് ഇടിഞ്ഞതും വൻ വിവാദമായി.
കരയിടിച്ചിൽ ഭീഷണിയുള്ള ഇരു കടവുകളിലും ആവശ്യമായ രീതിയിൽ പുഴയോര സംരക്ഷണ ഭിത്തിയൊരുക്കാതെ പണി പൂർത്തിയാക്കിയതിലും പ്രതിഷേധമുയർന്നു. വിവിധ സംഘടനകൾ വിഷയത്തിൽ ഇടപെട്ടു വ്യാപക പ്രതിഷേധമുയർത്തിയതോടെ നവീകരണ പ്രവൃത്തിക്കായി വിനോദസഞ്ചാര വകുപ്പ് പാർക്കുകൾ അടച്ചിട്ടു.
തുടർന്നു നാമമാത്രമായ നവീകരണ പ്രവൃത്തികൾ നടത്തി കഴിഞ്ഞ ജൂലൈയിൽ ടെൻഡർ ക്ഷണിക്കുകയായിരുന്നു. 2 തവണ റീ ടെൻഡർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുക്കാനെത്തിയില്ല.
വിവരം ടൂറിസം വകുപ്പിനെ അറിയിച്ചു തുടർനടപടി സ്വീകരിക്കാനാണു ശ്രമം.
ആംഗ്ലിങ് യാഡ് തകർന്നുതന്നെ
കൊവുന്തല ഉണക്കുകണ്ടം കടവിൽ തെങ്ങു കൊണ്ടു പുഴയിൽ ഒരുക്കിയ തൂണിൽ, പ്ലൈവുഡ് ഉപയോഗിച്ച് പ്ലാറ്റ്ഫോം ഒരുക്കി നിർമിച്ച ആംഗ്ലിങ് യാഡ് തകർന്ന അവസ്ഥയിൽ തന്നെയാണുള്ളത്. 2 തൂണുകൾ പൂർണമായും ദ്രവിച്ചു തകർന്നു.
മറ്റു തൂണുകളും ദ്രവിച്ച നിലയിലാണ്. പ്ലാറ്റ്ഫോമിന്റെ ഒരുഭാഗം പൂർണമായും തകർന്നു.
യാഡിലേക്ക് ഇറങ്ങുന്ന പടവുകളും പൂർണമായും തകർന്നു കാടുകയറി.
ചെളി നിറഞ്ഞ് ബോട്ടുജെട്ടി
മുനമ്പുകടവിലെ ബോട്ടുജെട്ടി ചെളിനിറഞ്ഞു കടക്കുകയാണ്. വെള്ളപ്പൊക്കമുണ്ടായപ്പോഴുണ്ടായ ചെളിനീക്കാൻ പോലും നടപടിയുണ്ടായിട്ടില്ല.
ഇവിടുത്തെ ഇരിപ്പിടം തകർന്നിട്ടുണ്ട്. നടപ്പാത, ശുചിമുറി ഉൾപ്പെടെ കാടുകയറിയിട്ടുമുണ്ട്.
സംരക്ഷണ ഭിത്തിയില്ല, കരയിടിച്ചിലും രൂക്ഷം
മുനമ്പുകടവ് പാർക്കിൽ ബോട്ടുജെട്ടിയോടു ചേർന്ന ഭാഗത്തു പുഴയോര സംരക്ഷണഭിത്തിയൊരുക്കിയിട്ടുണ്ടെങ്കിലും മറ്റു ഭാഗങ്ങളിൽ ഭിത്തിയൊരുക്കിയിട്ടില്ല.
ഇതുമൂലം ഇവിടെയുണ്ടാകുന്ന രൂക്ഷമായ കരയിടിച്ചിൽ പാർക്ക് അതിജീവിക്കുമോ എന്ന ആശങ്കയുണ്ട്. കഴിഞ്ഞ മഴക്കാലത്ത് 3 മരങ്ങളും നടപ്പാതയും മുളങ്കാടുകളും ഉൾപ്പെടെ പുഴയിലേക്ക് ഇടിഞ്ഞിരുന്നു.
കിയോസ്കുകൾ തകർന്നു
ഉണക്കുകണ്ടം പാർക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനു നിർമിച്ച കിയോസ്കുകൾ കാടുകയറി.
പാർക്കിന്റെ പ്രവേശന ഭാഗത്ത് നിർമിച്ച കിയോസ്ക് തകർന്നു മാലിന്യം പുറത്താണുള്ളത്. ഇവിടെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ചിതറിയനിലയിലാണ്.
ആകെ മൂലധനം 325 കോടി
വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി പുഴകളും കാസർകോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി പുഴകളെയും വലിയപറമ്പ് കായലിനെയും കോർത്തിണക്കിയാണു മലനാട് റിവർ ക്രൂസ് പദ്ധതി ആസൂത്രണം ചെയ്തത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് മുടക്കുന്ന 325 കോടി രൂപയാണു പദ്ധതിയുടെ ആകെ മൂലധനം.
സാമൂഹിക വിരുദ്ധരുടെ താവളം
മുനമ്പുകടവ് പാർക്കിൽ സന്ധ്യാസമയത്ത് മദ്യ, ലഹരി സംഘങ്ങൾ താവളമാക്കാറുള്ളതായി നാട്ടുകാർ പറയുന്നു. പല സ്ഥലത്തും മദ്യക്കുപ്പികൾ തള്ളിയിട്ടുമുണ്ട്.
നേരത്തെ നാട്ടുകാർ മയ്യിൽ പൊലീസിനെ അറിയിച്ചതിനെ തുടർന്നു പൊലീസ് പരിശോധന നടത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

