കണ്ണൂർ: ജില്ലയിലെ പ്രമുഖ സാഹസിക വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിൽ മൺസൂൺ ആരംഭിച്ചതോടെ അപൂർവ സസ്യപ്രതിഭാസമായ ‘ഫോറസ്റ്റ് ഗോസ്റ്റ്’ (കാട്ടിലെ പ്രേതങ്ങൾ) പൂത്തുലഞ്ഞു. തളിപ്പറമ്പിന് സമീപമുള്ള ഈ മലയോര മേഖലയിൽ മഴക്കാലത്ത് മാത്രം കിളിർത്തുനിൽക്കുന്ന പരാദസസ്യമാണ് നയനമനോഹരമായ ഈ പുഷ്പം.
പുലിക്കുരുമ്പ സ്വദേശിയും പ്രകൃതിനിരീക്ഷകനുമായ ജോർജ് മുട്ടത്തിൽ ആണ് പാലക്കയംതട്ടിലെ കാടുകളിൽ വിരിഞ്ഞ ഈ പുഷ്പങ്ങളുടെ മനോഹര ചിത്രം പകർത്തിയത്. പശ്ചിമഘട്ട
വനങ്ങളിലും ഹിമാലയൻ സാനുക്കളിലും കണ്ടുവരുന്ന ഇവ വളരെ അപൂർവമായി മാത്രമേ മനുഷ്യശ്രദ്ധയിൽ പെടാറുള്ളൂ. ഓറോബങ്കേസി സസ്യകുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Aeginetia indica എന്നാണ്.
‘ചെങ്കുമിൾ’, ‘ഗോസ്റ്റ് പൈപ്പ്’ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. മഴക്കാലത്ത് ഈർപ്പമുള്ള മണ്ണിൽ മറ്റ് സസ്യങ്ങളുടെ വേരുകളെ ആശ്രയിച്ചാണ് ഇത് വളരുന്നത്.
തികച്ചും ഇലകളില്ലാത്ത അവസ്ഥയിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ വനത്തിനുള്ളിൽ കിളിർത്ത് പൂവിട്ട
ശേഷം പെട്ടെന്ന് അപ്രത്യക്ഷമാകുന്ന പ്രത്യേകത ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് ‘ഫോറസ്റ്റ് ഗോസ്റ്റ് ഫ്ലവർ’ എന്ന പേരുവന്നതെന്നാണ് കരുതുന്നത്. ഈ സസ്യത്തിന്റെ പൂവിനും വേരിനും മികച്ച ഔഷധഗുണങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

