ഭാവി പരീക്ഷകളെക്കുറിച്ചാണു ഭീതിയെങ്കിൽ ആശങ്ക വേണ്ടെന്നും, കടുത്ത നിയമങ്ങളിലൂടെയും അതിവേഗ കോടതികളിലൂടെയും പരീക്ഷാ ക്രമക്കേടുകൾ തടയാമെന്നുമാണു സർക്കാരിന്റെ നിലപാട്. എന്നാൽ അതു പോരാ, നടന്ന ക്രമക്കേടുകൾക്കു പരോക്ഷമായെങ്കിലും ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ തീരൂവെന്നു പ്രതിഷേധ നേതാക്കൾ ആവശ്യപ്പെടുന്നു.
ന്യൂഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഇരുവിഭാഗങ്ങളുടെയും നിലപാടുകൾ പൂർണ്ണമായും സമാന്തരമായി തുടരുകയാണ്. സമാന്തര രേഖകൾ തമ്മിൽ സംയോജിക്കില്ലാത്തതുപോലെത്തന്നെയാണ് ഈ നിലപാടുകളും.
നടന്ന കുറ്റത്തിനു ശിക്ഷയാണു വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഭാവിയിൽ നടക്കാൻ സാധ്യതയുള്ള കുറ്റങ്ങൾ തടയാമെന്നും ആ കുറ്റങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാമെന്നുമാണു പ്രധാനമന്ത്രിയുടെ നിലപാട്.
പുതിയ നിയമം നിർമിച്ചതുകൊണ്ടോ, നിലവിലെ നിയമം കർശനമാക്കിയതുകൊണ്ടോ നടന്നുകഴിഞ്ഞ കുറ്റങ്ങൾക്കു ശിക്ഷ നൽകാനാവില്ലെന്നതു നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങളിലൊന്നാണ്. ഈ വസ്തുത മറന്നുകൊണ്ടാണു പരമ്പരാഗതമായി ഭരണകൂടങ്ങൾ ജനരോഷപ്രശ്നങ്ങൾ കൈകാര്യം ചെയ്തു വന്നിട്ടുള്ളത്.
കഴിഞ്ഞുപോയ കുറ്റത്തിന്മേൽ ജനരോഷം ആളിക്കത്തുമ്പോൾ ഇനി സംഭവിക്കാവുന്ന കുറ്റങ്ങളുടെ മേൽ ഉറപ്പുനൽകിയും നിയമനിർമാണം നടത്തിയും തടിതപ്പുന്ന സമീപനമാണ് കാണാറുള്ളത്. സ്ത്രീപീഡനത്തിനെതിരെയുള്ള നിയമങ്ങൾ തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
നിർഭയ സംഭവത്തെത്തുടർന്നു സ്ത്രീസുരക്ഷ സംബന്ധിച്ച ക്രിമിനൽ നിയമങ്ങളും ശിക്ഷാനിയമങ്ങളും ഭേദഗതി ചെയ്തു. ഉന്നാവിലെയും കഠ്വയിലെയും സംഭവങ്ങളെത്തുടർന്നു നിയമങ്ങൾ വീണ്ടും കഠിനമാക്കി.
അതിനുശേഷം നിയമസംഹിതകൾ തന്നെ മാറ്റി. പിന്നീട് കൊൽക്കത്തിയിലെ മെഡിക്കൽ കോളജിൽ പീഡനക്കൊല നടന്നപ്പോൾ സംസ്ഥാന നിയമസഭയിൽ പുതിയ നിയമം കൊണ്ടുവന്നു.
ഇതെല്ലാം കഴിഞ്ഞും പീഡനസംഭവങ്ങൾ കുറയുന്നുമില്ല. ഏതായാലും നിയമനിർമാണവെട്ടിൽ പ്രതിഷേധക്കാർ വീണില്ലെന്നതാണു ശ്രദ്ധേയം.
“നടന്ന കുറ്റത്തിന് ഉത്തരവാദിയായവരെ ആദ്യം ശിക്ഷിക്കൂ, ഭാവിയിലെ കുറ്റങ്ങളെക്കുറിച്ച് അതിനു ശേഷം ചർച്ച ചെയ്യാം” – ഇതാണ് അവരുടെ മറുപടി. ഇതോടെ, ആലോചിച്ചു മറുപടിയുമായി മടങ്ങിവരാമെന്നു പറഞ്ഞു ഭരണകൂടത്തിനു പിന്മാറേണ്ടിവന്നു.
കടുപ്പിച്ച നിയമം കൊണ്ടുവന്ന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വാഗ്ദാനത്തിലെ പൊള്ളത്തരമാണു മറ്റൊന്ന്. 2023ൽ പല സംസ്ഥാനങ്ങളിലെയും മത്സരപ്പരീക്ഷകളിൽ തട്ടിപ്പു നടന്നതിന്റെ പശ്ചാത്തലത്തിലാണ് പബ്ലിക് എക്സാമിനേഷൻ ബിൽ 2024 പാസാക്കിയത്.
അതിനു ശേഷം നടന്ന നീറ്റ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളിലാണു തട്ടിപ്പുകൾ നടന്നതെന്നതിനാൽ തന്നെ നിയമത്തിന്റെ കാഠിന്യമല്ല, അതു നടപ്പാക്കുന്നതിലെ കാഠിന്യമില്ലായ്മയാണു പ്രശ്നമെന്നു വ്യക്തം. അതു പരിഹരിക്കേണ്ടതു നിയമനിർമാണത്തിലൂടെയല്ല, ഭരണനടപടികളിലൂടെയാണ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനരീതിയിൽ രാഷ്ട്രീയമായ അപാകവുമുണ്ട്. പാർലമെന്റ് നടക്കുന്ന സമയമാണിത്.
നയപരമായും ഭരണപരമായുമുള്ള ഏതു പ്രധാന പ്രഖ്യാപനവും പാർലമെന്റിലാണു നടത്തേണ്ടത്. അത് അവഗണിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്.
ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. ഒരാഴ്ച മുൻപാണ് പ്രധാനമന്ത്രി ഇങ്ങനയൊരു പ്രഖ്യാപനം നടത്തിയിരുന്നതെങ്കിൽ പ്രശ്നം ഇത്രയും വഷളാകുമായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

