ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ജീവനെടുത്ത എ.എസ്.അനീഷിന്റെ വീട്ടുമുറ്റത്ത് വീണ്ടും മോഴയാനയുടെ പരാക്രമം. അനീഷിന്റെ അച്ഛൻ സോമൻ മൂപ്പൻ, അമ്മ കറുത്ത, അനീഷിന്റെ സഹോദരൻ ബിനീഷ്, ബിനീഷിന്റെ ഭാര്യ ബിന്ദു എന്നിവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കഴിഞ്ഞ ദിവസം രാവിലെ 7ന് ആണ് അനീഷിന്റെ വീട്ടുമുറ്റത്ത് ആക്രമണ സ്വഭാവത്തോടെ മോഴയാന വീണ്ടുമെത്തിയത്.
ജോലിക്കു പോകേണ്ടതിനാൽ മാതാപിതാക്കൾക്കൊപ്പം മുറ്റത്തിറങ്ങിയതായിരുന്നു ബിനീഷ്. വീട്ടിലേക്കുള്ള വഴിയിൽ 50 അടി അകലെ കാട്ടാന.
ആന വീട്ടിലേക്കെന്ന നിലയിൽ പാഞ്ഞടുത്തു. ‘നിലവിളിച്ചുകൊണ്ടു ഞാനും ഭാര്യയും മകൻ ബിനീഷും വീട്ടിനുള്ളിലേക്കു ഓടിക്കയറിയതിനാലാണു രക്ഷപ്പെട്ടത്’.
സോമൻ മൂപ്പൻ പറയുന്നു. മുറ്റത്തുവരെ പാഞ്ഞെത്തി നിന്ന മോഴയാന ഇടതുവശത്തുകൂടി വീടിന്റെ പിൻവശത്തേക്ക് നീങ്ങി.
ഈ സമയം വീടിനു പിന്നിൽ ആന പോയ വഴിയിൽ, പാത്രം കഴുകുകയായിരുന്ന ബിന്ദു വശംമാറി ഓടി വീടിനുള്ളിൽ കയറി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ അനീഷിന്റെ ഭാര്യ അമ്പിളിയും മക്കളും വീടിനുള്ളിലുണ്ട്.
അനീഷിന്റെ മരണശേഷം മാതാപിതാക്കളും ഇളയ സഹോദരൻ ബിനീഷും കുടുംബാംഗങ്ങളും അനീഷിന്റെ വീട്ടിലാണ് കഴിയുന്നത്.
മോഴയാന പിന്നീട് സോളർ തൂക്കുവേലി തകർക്കുകയും ചെയ്തു. ആറളം വനം ആർആർടി അധികൃതരും അനീഷിന്റെ വീട്ടിലെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് ബ്ലോക്ക് 10ലെ കോട്ടപ്പാറ ഇഞ്ചിമുക്കിൽ ഭാര്യയുടെയും മകന്റെയും മുന്നിൽ അനീഷിനെ ആന നിലത്തടിച്ചുകൊന്നത്. സംഭവത്തിൽ പ്രദേശവാസികളുടെ വൻ പ്രതിഷേധം ഉയരുകയും കാട്ടാനക്കൂട്ടത്തെ പ്രതിരോധിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകുകയും ചെയ്തിരുന്നെങ്കിലും ആനമതിൽ നിർമാണംപോലും ഇഴഞ്ഞാണ് നീങ്ങുന്നത്.
12 വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ ആറളം ഫാമിൽ കൊല്ലപ്പെട്ട
15–ാമത്തെ വ്യക്തിയാണ് അനീഷ്. 13–ാം ബ്ലോക്കിലെ കരിക്കൻമുക്കിൽ വെള്ളി, ലീല ദമ്പതികൾ കഴിഞ്ഞ വർഷം ഫെബ്രുവരി 23ന് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആറളത്ത് വിവിധ ഘട്ടങ്ങളിലായി നടന്ന ഗജമുക്തി ദൗത്യത്തിൽ ആനകളെ കാടുകയറ്റാനായെങ്കിലും ഇനിയും 30–40 ആനകൾ ഫാമിൽ തമ്പടിച്ചിട്ടുണ്ടെന്നാണു പ്രദേശവാസികൾ പറയുന്നത്. എല്ലാ ദിവസവും ജനവാസ മേഖലയിൽ ആന എത്തുന്നുണ്ട്.
ആർആർടി–വനം സേനാംഗങ്ങൾ സ്ഥലത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

