തളിപ്പറമ്പ് ∙ മുകേഷ് അംബാനിയുടെ മകനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനന്ത് അംബാനി തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിന്റെ നവീകരണത്തിന് 12 കോടി രൂപ വാഗ്ദാനം ചെയ്തത് അടുത്ത കാലത്താണ്. കഴിഞ്ഞ 2നാണ് അനന്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
അന്ന് 3 കോടി രൂപയുടെ ചെക്ക് സംഭാവന നൽകുകയും ചെയ്തിരുന്നു. പിന്നീട് ക്ഷേത്ര ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 12 കോടി രൂപയുടെ പദ്ധതി ടിടികെ ദേവസ്വം അധികൃതർ അനന്ത് അംബാനിയെ അറിയിച്ചു.
തിരികെ മുംബൈയിലെത്തിയ അനന്ത് പണം നൽകാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. കേരളത്തിലെ ഒരു ക്ഷേത്രത്തിന് ആദ്യം നൽകിയ 3 കോടിക്ക് പുറമേ 12 കോടി കൂടി നൽകാൻ അനന്ത് അംബാനിയെ പ്രചോദിപ്പിച്ചത് എന്തായിരിക്കും.
ത്രേതായുഗത്തോളം പഴക്കമുള്ള രാജരാജേശ്വര ക്ഷേത്രം
കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് പെരിഞ്ചെല്ലൂർ എന്നറിയപ്പെട്ടിരുന്ന തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം.
ത്രേതായുഗത്തോളം പഴക്കമുണ്ടെന്നാണ് ഐതിഹ്യം. രാജരാജേശ്വര സങ്കൽപത്തിലുള്ള പരമശിവനാണ് ഇവിടത്തെ പ്രതിഷ്ഠ.
തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ കാണുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്ക് ഇവിടെ വന്ന് ദർശനം നടത്തുകയും ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമാണ്. രാവണവധത്തിന് ശേഷം ശ്രീരാമൻ പുഷ്പക വിമാനത്തിൽ അയോധ്യയിലേക്ക് മടങ്ങുമ്പോൾ രാജരാജേശ്വര ക്ഷേത്രത്തിന്റെ ചൈതന്യം അറിഞ്ഞ് ഇവിടെ ഇറങ്ങി നമസ്കരിച്ചെന്നും വിശ്വസിക്കപ്പെടുന്നു.
ശ്രീരാമചന്ദ്രൻ നമസ്കരിച്ച മണ്ഡപത്തിൽ പിന്നീട് ആരും കയറി നമസ്കരിക്കാറുമില്ല. ഉദ്ദിഷ്ട
കാര്യസിദ്ധിക്കായി ക്ഷേത്രത്തിൽ നടത്തുന്ന പൊന്നുംകുടം വച്ച് തൊഴൽ പ്രസിദ്ധമാണ്. കലാസാംസ്കാരിക മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് ക്ഷേത്രത്തിലെ കൊട്ടുംപുറത്തു നിന്നു നൽകുന്ന പട്ടും വളയും ബഹുമതി ഏറെ വിശിഷ്ടമായി കരുതപ്പെടുന്നു.
രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഭഗവാന്റെ നിറസാന്നിധ്യം അറിയാൻ വെങ്കല ശിവശിൽപം സ്ഥാപിച്ചിട്ടുണ്ട്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പ്രതിമ അനാഛാദനം ചെയ്തത്. പ്രധാനമന്ത്രിയെ കൊണ്ട് അനാഛാദനം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില അസൗകര്യങ്ങളെ തുടർന്ന് അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല.
സിനിമ നിർമാതാവും വ്യവസായിയുമായ മൊട്ടമ്മൽ രാജന്റെ ആവശ്യപ്രകാരം ഉണ്ണി കാനായിയാണു വെങ്കലശിൽപം തീർത്തത്. നാലു വർഷമെടുത്താണ് 14 അടി ഉയരമുള്ള ശിവന്റെ വെങ്കല പ്രതിമ പയ്യന്നൂർ സ്വദേശിയായ ഉണ്ണി കാനായി തീർത്തത്.
4200 കിലോഗ്രാമാണ് പ്രതിമയുടെ തൂക്കം. ആദ്യം കളിമണ്ണിൽ നിർമിച്ച ശിൽപം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത് മെഴുകിൽ നിർമിച്ച് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു കൈ അരയ്ക്കു കൊടുത്ത് വലതു കൈകൊണ്ട് അനുഗ്രഹിക്കുന്ന രീതിയിൽ സൗമ്യഭാവത്തോടെയുള്ള ശിവപ്രതിമയാണ് ഒരുക്കിയിരിക്കുന്നത്.
ഭരണകർത്താക്കളുടെ ഇഷ്ട സന്നിധി
രാജാക്കൻമാരുടെ രാജാവാണ് തളിപ്പറമ്പ് രാജരാജേശ്വരൻ.
രാജാക്കൻമാർ അധികാരത്തിലേറുന്നതിനു മുൻപ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് പതിവായിരുന്നു. രാജഭരണം മാറിയെങ്കിലും ഇന്നും ഭരണകർത്താക്കളുടെ ഇഷ്ട
സന്നിധിയായി രാജരാജേശ്വര ക്ഷേത്രം തുടരുന്നു. നിരവധി നേതാക്കളാണ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുള്ളത്.
2001 ജൂലൈ മൂന്നിനാണു ജയലളിത തോഴി ശശികലയ്ക്കൊപ്പം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്. ക്ഷേത്രത്തിന്റെ പെരുമ സംസ്ഥാനത്തിനു പുറത്തു വ്യാപകമായി പ്രചരിച്ചതും ഇതോടെയാണ്.
ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കരുടെ നിർദേശപ്രകാരം അദ്ദേഹത്തിനുമൊപ്പമാണ് ജയലളിത തളിപ്പറമ്പിൽ എത്തിയത്.
രാജരാജേശ്വര ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ശിവരാത്രി ദിവസങ്ങളിലൊഴികെ രാത്രി എട്ടിനു ശേഷമേ അകത്തു പ്രവേശനമുള്ളൂ എന്നതിനാൽ രാത്രി 8.50 ഓടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. തുടർന്നു ജയലളിതയും ശശികലയും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം നിറച്ചു സമർപ്പിച്ച് പ്രാർഥിക്കുകയും ജയലളിത പൊന്നിൻതാലി വഴിപാടു നടത്തുകയും ചെയ്തിരുന്നു.
കർണാടക മുൻമുഖ്യമന്ത്രി യെഡിയൂരപ്പ് ക്ഷേത്രത്തിൽ നിരവധി തവണ വന്നിട്ടുണ്ട്. 2017ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും പിന്നീടും അമിത് ഷാ ദർശനത്തിന് ക്ഷേത്രത്തിൽ എത്തിയിരുന്നു.
അരുണാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിന് നന്ദി സൂചകമായി പൊന്നുംകുടം വഴിപാടുമായി എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര സന്നിധിയിലെത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

