പാപ്പിനിശ്ശേരി ∙ തുരുത്തിയിലും, ചുങ്കം കരിമ്പന പ്രദേശത്തും കണ്ടൽവനം നശിപ്പിച്ച് തണ്ണീർത്തടം നികത്തുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. അതീവ ജൈവവൈവിധ്യ പ്രദേശമായ വളപട്ടണം പുഴയോരത്തെ കണ്ടൽ പ്രദേശമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ടു വ്യാപകമായി നികത്തുന്നത്.
ഇന്നലെ മലയാള മനോരമ നൽകിയ വാർത്തയെ തുടർന്നു വനംവകുപ്പ് അധികൃതരും ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറസ്റ്റ് തളിപ്പറമ്പ് റേഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലാണ് കയ്യേറ്റസ്ഥലം സന്ദർശിച്ചത്. ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകുന്നതോടൊപ്പം റവന്യു, ജിയോളജി വിഭാഗത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരായ പി.പി.രാജീവൻ, എം.വീണ, വാച്ചർ സി.കെ.അനീഷ്, കെ.സി.ബിജു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്താൻ എത്തിച്ചേർന്നത്.
കണ്ടൽവനമായി നോട്ടിഫൈ ചെയ്ത പ്രദേശം നികത്തിയാൽ വനസംരക്ഷണ നിയമപ്രകാരം കേസെടുക്കാം. സ്വകാര്യ സംരംഭകരുടെ പ്രത്യേക പ്രോജക്ടിന്റെ ഭാഗമായാണ് ഏക്കറുകണക്കിന് തണ്ണീർത്തടം നികത്താൻ തുടങ്ങിയിട്ടുള്ളത്.
ജലാശയത്തിനു നടുവിലൂടെ മണ്ണിട്ടു നികത്തി പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്ന നിലയിൽ റോഡ് നിർമിച്ചിട്ടുണ്ട്.
പ്രതിഷേധവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ സ്ഥലം സന്ദർശിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. ജില്ലാ പരിസര വിഷയസമിതി കൺവീനർ സതീശൻ കസ്തൂരി, മേഖലാ കൺവീനർ പി.ധർമ്മൻ, മേഖലാ സെക്രട്ടറി കെ.സുരേഷ് ബാബു, സി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കണ്ടൽ പ്രദേശം സംരക്ഷിക്കാൻ പൊതുജനങ്ങൾ ഒന്നാകെ രംഗത്തിറങ്ങണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
തണ്ണീർത്തടം നികത്തുന്നത് തടഞ്ഞ് അവിടെ നിക്ഷേപിച്ച കെട്ടിട–കോൺക്രീറ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് കണ്ടൽക്കാട് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നേരത്തെയും വിവിധ പദ്ധതികളുടെ ഭാഗമായി തുരുത്തി പ്രദേശത്തെ കണ്ടൽവനം വ്യാപകമായി നശിപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

