കണ്ണൂർ ∙ സിപിഎം തെറ്റു തിരുത്തുമെന്നു തനിക്കു പ്രതീക്ഷയില്ലെന്നു പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി.കുഞ്ഞിക്കൃഷ്ണൻ. വിജയത്തിനുശേഷം ആദ്യമായി ഡിസിസി ഓഫിസിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
സിപിഎം എത്രത്തോളം തെറ്റുതിരുത്തുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. അനുഭവമാണ് ഏറ്റവും വലിയ ഗുരു.
മൂന്നു തവണ സിപിഎം കേന്ദ്ര കമ്മിറ്റി തെറ്റുതിരുത്തൽ രേഖ അംഗീകരിച്ച് താഴേത്തലം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ രേഖയിൽ എല്ലാം പറഞ്ഞിട്ടുണ്ട്.
പക്ഷേ അതു കടലാസിൽ തന്നെ ഇരിക്കുകയാണ്. അതു പ്രാവർത്തികമാക്കാൻ ഇന്നുവരെ പാർട്ടിക്കു സാധിച്ചിട്ടില്ല.
തെറ്റു ചെയ്യുന്നവർ തന്നെയാണ് തെറ്റു തിരുത്താനുള്ള വിശദീകരണം താഴെ കമ്മിറ്റികളിൽ പോയി നൽകുന്നത്.
എത്രത്തോളം തെറ്റുതിരുത്തപ്പെടുമെന്ന് ഇതിൽ നിന്നു മനസ്സിലാക്കാമല്ലോ. ആത്മാർഥമായി തെറ്റുതിരുത്താൻ സിപിഎം നേതൃത്വം തയാറായാൽ അത് അവർക്കും കേരളത്തിനും നല്ലത്.
തിരുത്തുന്നില്ലെങ്കിൽ ബംഗാൾ കേരളത്തിൽ ആവർത്തിക്കും. കാരണം ഇടതുപക്ഷത്തെ എതിർക്കുന്ന കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ വരെ കേരളത്തിൽ സിപിഎം തകരണം എന്നാഗ്രഹിക്കുന്നില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി ആ സ്ഥാനത്തുനിന്നു മാറിയാൽ പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു വിശ്വസിക്കുന്നില്ല.
കാരണം പഴയ പാർട്ടിയല്ല ഇന്നത്തെ പാർട്ടി. പഴയ പാർട്ടി ഉൾപ്പാർട്ടി ജനാധിപത്യത്തിനും ജനാധിപത്യ കേന്ദ്രീകരണത്തിനും പ്രാമുഖ്യം നൽകിയിരുന്നു.
സിപിഎം എന്നാൽ കൂട്ടായ നേതൃത്വമാണ്. ഇന്ന് ഒരാൾ പറയുകയും അതു മറ്റുള്ളവർ റാൻമൂളി അംഗീകരിക്കുകയും ചെയ്യുകയാണ്.
അടിമ സ്വഭാവത്തിലേക്കു കേരളത്തിലെ പാർട്ടി മാറിയിരിക്കുന്നു. പയ്യന്നൂരിലെ സിപിഎം നേതാക്കളുടെ ചിത്രങ്ങൾ വച്ച് സൈബർ ആക്രമണം നടക്കുന്നുണ്ട്.
അവർ തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്. എന്നാൽ അത്തരത്തിലൊന്നുണ്ടായിട്ടില്ല.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം ഉണ്ടായപ്പോൾ അന്നു താൻ ഉന്നയിച്ച വിഷയത്തിൽ സംസാരിച്ചവരാണ് ഇവരെല്ലാം. അവരെയാണ് ഇപ്പോൾ ഒറ്റുകാരെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്.
തനിക്കൊരു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല.
ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർഥി ആരോപണ വിധേയൻ അല്ലായിരുന്നെങ്കിൽ മത്സരിക്കില്ലായിരുന്നു. തന്റെ പോരാട്ടത്തിന്റെ ഭാഗമായാണ് മത്സരിക്കാൻ തീരുമാനിച്ചത്.
കളങ്കിതനായ വ്യക്തിയെ തന്നെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചപ്പോൾ തന്റെ പോരാട്ടം സമൂഹത്തിൽ തുടരേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ ആയിരുന്നില്ല സ്ഥാനാർഥിയായത്.
പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം.
ജനങ്ങളിലേക്കിറങ്ങിയപ്പോൾ അനുകൂല അവസ്ഥയാണ് ലഭിച്ചത്. താൻ കോൺഗ്രസായി എന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്.
ഒരു രാഷ്ട്രീയപാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്രൻ എന്ന നിലയിൽ തന്നെ മുന്നോട്ടുപോകും.
അതോടൊപ്പം തന്നെ യുഡിഎഫിന്റെ പിന്തുണ ലഭിച്ചതിനാൽ യുഡിഎഫിന്റെ നിലപാടിന് അനുസരിച്ചുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഡിസിസി ഓഫിസിലെത്തിയ കുഞ്ഞിക്കൃഷ്ണൻ കേക്ക് മുറിച്ചു മധുരം പങ്കുവച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
മേയർ പി.ഇന്ദിര, റഷീദ് കവായി, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, ബി.എൻ.ഹസ്കർ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

