പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ഭാര്യയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപിച്ച ശേഷം ഭർത്താവ് സ്വയം വെടിവച്ചു ജീവനൊടുക്കി. നെറ്റിത്തൊഴു- കോങ്കല്ല്മേട് കരോട്ട്മഴുവൻചേരിൽ സന്തോഷ് (50) ആണ് മരിച്ചത്.
ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഭാര്യ ശ്രീജ (38) കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
കുഴിത്തൊളു പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ ശ്രീജ ഓഫിസിലെത്തിയതിനു പിന്നാലെയാണ് സന്തോഷ് ആക്രമണം അഴിച്ചുവിട്ടത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും സന്തോഷ് കൈയിൽ കരുതിയിരുന്ന തോക്ക് പുറത്തെടുത്തതോടെ ആളുകൾ പിന്മാറുകയായിരുന്നു.
തൊട്ടുപിന്നാലെ സ്വയം വെടിവച്ച് സന്തോഷ് മരണപ്പെടുകയായിരുന്നു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇരുവരും ഏതാനും വർഷമായി അകന്നു കഴിയുകയായിരുന്നു.
സന്തോഷ് കൈയിൽ കരുതിയിരുന്ന കമ്പിപ്പാര ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ശ്രീജയുടെ തലയ്ക്കാണു ഗുരുതര പരുക്കേറ്റത്. ഇവർക്ക് 38 തുന്നലുകളുണ്ട്.
കൂടാതെ കൈക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
ശ്രീജയ്ക്കു നേരെയുള്ള ആക്രമണത്തിനൊപ്പം സന്തോഷിന്റെ ആത്മഹത്യാരീതിയും നാട്ടുകാർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സന്തോഷിന് തോക്ക് എങ്ങനെ ലഭിച്ചുവെന്ന സംശയമാണ് ഇപ്പോൾ ബാക്കിനിൽക്കുന്നത്.
6.5 എംഎം വെടിയുണ്ടയാണ് കൈത്തോക്കിൽ ഉപയോഗിച്ചതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തലയിൽനിന്നു വെടിയുണ്ട
പുറത്തു പോയിട്ടില്ല. വടക്കൻ സംസ്ഥാനങ്ങളിൽ സുലഭമായി വിലയ്ക്കു വാങ്ങാൻ കിട്ടുന്ന തരത്തിലുള്ള തോക്ക് തദ്ദേശീയമായി നിർമിച്ചതോ പുറത്തുനിന്ന് വാങ്ങിയതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ തോക്ക് വിശദമായ ബാലിസ്റ്റിക് പരിശോധനയ്ക്ക് കൈമാറാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

