രാജകുമാരി∙ ചതുരംഗപ്പാറ മാൻകുത്തിമെട്ടിലെ സ്വകാര്യ കാരവൻ പാർക്കുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ആധാരത്തിലും പട്ടയത്തിലും വ്യത്യസ്ത സർവേ നമ്പർ ആയിരുന്നിട്ടും സ്ഥലം പോക്കുവരവ് ചെയ്തു നൽകിയെന്നാണ് മധ്യമേഖലാ വിജിലൻസ് ഡപ്യൂട്ടി കലക്ടറുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
ഇതനുസരിച്ച്, ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും രേഖകൾ പരിശോധിക്കാതെ പോക്കുവരവ് ചെയ്തു നൽകിയത് റദ്ദാക്കാനും ദേവികുളം സബ് കലക്ടർക്ക് നിർദേശം നൽകാൻ ലാൻഡ് റവന്യു കമ്മിഷണർക്ക് റവന്യു വകുപ്പ് ഉത്തരവ് നൽകി.
പൊതുപ്രവർത്തകനായ സജീവ് സെബാസ്റ്റ്യൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചതുരംഗപ്പാറ വില്ലേജിൽ റെലീസ് സംവിധാനം വഴി ഓൺലൈനാക്കുന്നതിന്റെ ഭാഗമായി ഡേറ്റ എൻട്രി നടത്തിയത് താൽക്കാലിക ജീവനക്കാരാണ്.
ഇപ്രകാരം ഡേറ്റ എൻട്രി നടത്തിയപ്പോഴാണ് സർവേ നമ്പറിൽ വ്യത്യാസം വന്നതെന്നും അതിനാൽ സർവേ നമ്പർ തിരുത്തിയെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി പരാതിക്കാരന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
കാരവൻ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 40 സെന്റോളം സർക്കാർ ഭൂമി കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായി നേരത്തേ കണ്ടെത്തിയിരുന്നു. തുടർന്ന് 2024 മേയ് 13നു റവന്യു വകുപ്പ് പാർക്കിന്റെ കവാടത്തിൽ ബോർഡ് സ്ഥാപിക്കുകയും കാപ്സ്യൂൾ നിർമിതി ചങ്ങല കാെണ്ട് സീൽ ചെയ്യുകയും ചെയ്തു.
എന്നാൽ കാരവൻ പാർക്കിന്റെ നടത്തിപ്പുകാർ ഇൗ ബോർഡ് പിഴുതു മാറ്റിയ ശേഷം വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും കാപ്സ്യൂൾ നിർമിതിയുടെ പൂട്ട് തകർത്ത് അതിഥികളെ താമസിപ്പിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച് പരാതിയുയർന്നതോടെ റവന്യു മന്ത്രി ഇടപെട്ട് നടപടി സ്വീകരിച്ചു. കാരവൻ പാർക്ക് ഉടമയ്ക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കുകയും വീണ്ടും കവാടത്തിൽ ബോർഡ് സ്ഥാപിച്ച് കാപ്സ്യൂൾ നിർമിതി സീൽ ചെയ്യുകയും ചെയ്തു. എന്നാൽ നിയമവിരുദ്ധമായി കാരവൻ പാർക്ക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

