മൂന്നാറിലെ വനമേഖലയിൽ നിന്നും കാലങ്ങളായി അപ്രത്യക്ഷമായിരുന്ന അപൂർവ്വയിനം സസ്യമായ ടിങ്ക്റ്റോറിയ (കോഴിക്കൽ മുള്ള്) ഫലവൃക്ഷങ്ങൾ വനം വകുപ്പും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് തിരികെയെത്തിച്ചു. പശ്ചിമഘട്ട
മലനിരകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ ഔഷധച്ചെടികൾ മൂന്നാറിൽ നിന്നും പൂർണ്ണമായി അന്യം നിന്നുപോയിരുന്നു. മൂന്നാർ വനം ഡിവിഷനു കീഴിലുള്ള ഗുണ്ടുമലയിലെ 52 ഹെക്ടർ പ്രദേശത്താണ് ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.
ഇവിടെ വ്യാപകമായി വളർന്നിരുന്ന അധിനിവേശ മരങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റിയാണ് സ്വാഭാവിക പുൽമേടുകൾ അധികൃതർ പുനഃസ്ഥാപിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പശ്ചിമഘട്ടത്തിന്റെ തനതുസ്വഭാവമുള്ള ടിങ്ക്റ്റോറിയ ഫലവൃക്ഷങ്ങൾ ഇവിടെ വിജയകരമായി വച്ചുപിടിപ്പിച്ചത്.
തമിഴ്നാട്ടിലെ ഊട്ടിക്ക് സമീപമുള്ള മുകുർത്തി ദേശീയ ഉദ്യാനത്തിൽ നിന്നും ശേഖരിച്ച വിത്തുകൾ മൂന്നാറിലെ വനം വകുപ്പ് നഴ്സറിയിൽ പാകി മുളപ്പിച്ചെടുത്താണ് പിന്നീട് വനമേഖലയിൽ നട്ടുപിടിപ്പിച്ചത്. ഔഷധഗുണങ്ങൾ ഏറെയുള്ള ടിങ്ക്റ്റോറിയ പഴങ്ങൾ മനുഷ്യർക്കും പക്ഷികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ഈ സസ്യത്തിന്റെ വേരും ഇലകളും മഞ്ഞപ്പിത്തം, ത്വക് രോഗങ്ങൾ, വയറിളക്കം, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ റേഞ്ച് ഓഫിസർ എസ്.ബിജു, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. പി.സുജനപാൽ എന്നിവർ വ്യക്തമാക്കി.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഈ പഴങ്ങൾ എന്നും അവർ കൂട്ടിച്ചേർത്തു. പ്രദേശത്ത് സ്വാഭാവിക പുൽമേടുകൾ വീണ്ടെടുത്തതോടെ വിവിധയിനം പക്ഷിമൃഗാദികൾ മേഖലയിലേക്ക് മടങ്ങിവരാൻ തുടങ്ങിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വർഷങ്ങൾക്ക് മുൻപ് വ്യാവസായിക ആവശ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് മൂന്നാർ ഡിവിഷന് കീഴിൽ ഹെക്ടർ കണക്കിന് സ്ഥലത്ത് വാട്ടിൽ, പൈൻ മരങ്ങൾ വച്ചുപിടിപ്പിച്ചത്. എന്നാൽ ഈ അധിനിവേശ വൃക്ഷങ്ങൾ വളർന്നത് വനത്തിന്റെ ജൈവവ്യവസ്ഥയെ പൂർണ്ണമായി മാറ്റിമറിക്കുകയും ജലസ്രോതസ്സുകൾ വറ്റിവരളാൻ ഇടയാക്കുകയും ചെയ്തു.
തനതായ പുൽമേടുകൾ ഇല്ലാതായതോടെ വന്യമൃഗങ്ങളുടെ സ്വാഭാവിക ഭക്ഷണലഭ്യതയും തടസ്സപ്പെട്ടു. ഇത് കാട്ടുമൃഗങ്ങൾ തീറ്റയും വെള്ളവും തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന് കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് വലിയ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പദ്ധതി നടപ്പിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

