ചെറുതോണി ∙ കോളജും ക്ലാസ് മുറികളും സ്വന്തമായില്ലാതെ ഇടുക്കി നഴ്സിങ് കോളജ് വിദ്യാർഥികൾ വശംകെട്ടു. പരാതി പറഞ്ഞു മടുത്ത രക്ഷിതാക്കളോടും കുട്ടികളോടും ‘ഇപ്പം ശരിയാക്കിത്തരാം’ എന്ന മറുപടി മാത്രമാണ് ഏറെ നാളായി അധികൃതർക്കു പറയാനുള്ളത്.
വിദ്യാർഥികൾ പ്രതിഷേധവുമായി പലവട്ടം രംഗത്തു വന്നെങ്കിലും അധികൃതരുടെ ഉറപ്പുകൾ ഇനിയും യാഥാർഥ്യമായിട്ടില്ല. ഇതോടെ നഴ്സിങ് കൗൺസിലിന്റെ അംഗീകാരവും തങ്ങളുടെ ഭാവിയും തുലാസിലാണെന്നാണ് വിദ്യാർഥികൾ പറയുന്നത്.
തുടക്കം കൊട്ടിഘോഷിച്ച്
ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ 2023 ബാച്ചിൽ 60 ബിഎസ്സി വിദ്യാർഥികളുമായി ഇടുക്കി നഴ്സിങ് കോളജ് പ്രവർത്തനം ആരംഭിച്ചത് കൊട്ടിഘോഷിച്ചായിരുന്നു.
ഇടുക്കി മെഡിക്കൽ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഒരു ഭാഗമായിരുന്നു നഴ്സിങ് കോളജിന്റെ ഓഫിസിനായി വിട്ടുനൽകിയത്. മെഡിക്കൽ കോളജിന്റെ പഴയ അക്കാദമിക് ബ്ലോക്കിന്റെ ഒരു ഭാഗം കോളജിനായും വിട്ടുകൊടുത്തു.
ആറ് മാസത്തിനുള്ളിൽ പുതിയ കോളജ് മന്ദിരത്തിന്റെ നിർമാണം തുടങ്ങുമെന്നായിരുന്നു ഉറപ്പ്.
ആദ്യ ആറുമാസം പ്രയാസമില്ലാതെ പോയെങ്കിലും പിന്നീട് പരാതി പ്രവാഹമായിരുന്നു. പുതിയ ബാച്ചിലെ കുട്ടികൾ എത്തിയിട്ടും പുതിയ കോളജും ഹോസ്റ്റലും നിർമിക്കുന്നതിനായി യാതൊരു ശ്രമവും ഉണ്ടായതുമില്ല.
മെഡിക്കൽ കോളജിന്റെ ലക്ചറർ ഹാൾ പങ്കിട്ടാണ് പഠനം. ലൈബ്രറിയും ലബോറട്ടറിയും അങ്ങനെതന്നെ.
എംബിബിഎസിനു പുതിയ ബാച്ച് വന്നപ്പോൾ ക്ലാസ് മുറി പലപ്പോഴും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നു. ആവശ്യത്തിനു അധ്യാപകരും ജീവനക്കാരുമില്ല.
ഇത് പഠനത്തെ ബാധിക്കുന്നു.
ഹോസ്റ്റൽ പ്രശ്നം കീറാമുട്ടി
ഇടുക്കി നഴ്സിങ് കോളജിലെ വിദ്യാർഥികളുടെ പാർപ്പിട പ്രശ്നം രണ്ട് വർഷം പിന്നിടുമ്പോഴും കീറാമുട്ടിയായി തുടരുന്നു.
മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റലുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചതോടെ പ്രശ്നങ്ങൾ അവസാനിച്ചെന്നു കരുതിയപ്പോഴാണ് നൂലാമാല പോലെ പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത്. പാറേമാവിൽ മെഡിക്കൽ കോളജ് വിദ്യാർഥികൾ താമസിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ മന്ദിരത്തിലേക്ക് വിദ്യാധിരാജ ഹോസ്റ്റലിലെ രണ്ടാം വർഷ വിദ്യാർഥികളായ 45 പേരെ മാറ്റുന്നതിനു തീരുമാനിച്ചിരുന്നു.
എന്നാൽ ഇവിടെ നിലവിൽ 12 ഫാമിലി ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ജീവനക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നടപടികൾ നീണ്ടു പോകുകയായിരുന്നു.
ഈ വർഷം ആദ്യം കലക്ടറുടെ നിർദേശ പ്രകാരം ഇവരോട് ഇവിടെ നിന്ന് ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന് അറിയിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ജീവനക്കാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇവർ കോടതിയെ സമീപിച്ചതോടെ ഈ നീക്കം നടന്നില്ല.
ഇതോടെ നഴ്സിങ് വിദ്യാർഥികൾക്ക് വാഴത്തോപ്പിലെ സ്വകാര്യ ഹോസ്റ്റൽ ഏറ്റെടുത്ത് നൽകാൻ അധികൃതർ നീക്കം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. സ്വകാര്യ സ്ഥാപനവുമായി കരാറിൽ ഏർപ്പെടാൻ കോളജ് അധികൃതർ വിസമ്മതിക്കുകയായിരുന്നു.
ഇതോടെ വിദ്യാർഥികളുടെ താമസം ദുരിതമയമായി.
ഒരു മുറിയിൽ 10 പേർ ; പക്ഷേ ഫീസിന് കുറവില്ല
∙ പെൺകുട്ടികൾക്ക് ഹോസ്റ്റലായി അനുവദിച്ച വിദ്യാധിരാജ സ്കൂളിൽ ഇപ്പോൾ തൊണ്ണൂറോളം കുട്ടികൾ ഉണ്ട്. എന്നാൽ അടിസ്ഥാന സൗകര്യം പേരിനു പോലുമില്ല.
ഒരു മുറിയിൽ പത്തിലേറെ കുട്ടികൾ തിങ്ങി ഞെരുങ്ങി കിടക്കേണ്ട അവസ്ഥ. ∙ ഉയർന്ന മെസ് ഫീസ് നൽകിയിട്ടും ഹോസ്റ്റലിൽ ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ല.
∙ പുതിയ ബാച്ച് കുട്ടികൾ വന്നപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ അവരുമായി പങ്കിടേണ്ടി വരുന്നു. ഇനി വരുന്ന ബാച്ചിലെ കുട്ടികളെയും കാത്തിരിക്കുന്നത് ഈ സൗകര്യങ്ങൾ മാത്രം.
∙ സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന ആൺകുട്ടികളുടെ അവസ്ഥയും ഇതുതന്നെ. ∙ ക്യാംപസിൽ എത്തുന്നതിനും പോകുന്നതിനും വാഹന സൗകര്യമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

