തൊമ്മൻകുത്ത് ∙ തൊമ്മൻകുത്ത് ചപ്പാത്തിന് അടിവശത്ത് ചവറുകളും തടികളും ഇല്ലിക്കമ്പുകളും ചെളിയും തൂണിൽ തങ്ങി നിന്ന് പുഴയുടെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്നു.മാസങ്ങളായി ഇല്ലിക്കമ്പുകൾ അടിഞ്ഞു കിടക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ഉയർന്നത്. എന്നാൽ, പുഴയുടെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന തടിക്കഷണങ്ങൾ നീക്കാൻ വനംവകുപ്പ് തയാറായില്ല എന്നാണ് പരാതി. തൊമ്മൻകുത്ത് വെള്ളച്ചാട്ടം മുതൽ പല സ്ഥലങ്ങളിലും തടികൾ കെട്ടിക്കിടന്ന് വെള്ളം അഴുകുകയാണ്.
തൊമ്മൻകുത്ത് വട്ടക്കയം, കുളിക്കടവ്, മണിയൻ സിറ്റി ഭാഗം ഉൾപ്പെടെ തടി ക്കഷണങ്ങൾ കെട്ടിക്കിടന്ന് വെള്ളം അശുദ്ധിയാകുന്നു.
മഴക്കാലത്ത് വനമേഖലയിൽ നിന്ന് വരുന്ന തടികളാണ് പുഴയിൽ അടിഞ്ഞു കിടക്കുന്നത്. ഇതുമൂലം പലയിടങ്ങളിലെയും വെള്ളം നിറം മാറി വരികയാണ്. കെട്ടിക്കിടക്കുന്ന ചവറുകൾ അടിയന്തരമായി എടുത്തു മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മഴക്കാലം മാറിയതോടെ ഈ മേഖലയിലെ പല കിണറുകളും വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്. പുഴയിലിറങ്ങി കുളിക്കാമെന്ന് വച്ചാൽ ചെളിയും ചവറുകളും നിറഞ്ഞു കിടക്കുകയാണ്.
കരിമണ്ണൂർ പഞ്ചായത്തിന്റെ ഭാഗമായിട്ടാണ് ഈ ചപ്പാത്തുള്ളത്. അടിയന്തരമായി പഞ്ചായത്ത് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

