മൂന്നാർ ∙ പഞ്ചായത്തിന്റെ മാലിന്യപ്ലാന്റിൽ മാലിന്യക്കൂനയ്ക്കു തീപിടിച്ച് ഒരു കോടിയിലധികം രൂപയുടെ നഷ്ടം. വന്യമൃഗശല്യം തടയാൻ നാലുമാസം മുൻപു സ്ഥാപിച്ച സോളർവേലിയുടെ ബാറ്ററി പൊട്ടിത്തെറിച്ചു തീപിടിച്ചെന്നാണു നിഗമനം.
ബുധനാഴ്ച വൈകിട്ട് 5.30ന് ആണു പ്ലാന്റിനു മുൻപിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കൂനയ്ക്കു തീപിടിച്ചത്. പ്ലാന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കു തീ എത്തിയതാണു നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്.
പ്രധാന കെട്ടിടത്തിന്റെ പകുതി ഭാഗവും പ്ലാസ്റ്റിക് വേർതിരിച്ചു കട്ടകളാക്കുന്ന ബെയ്ൽ പ്രസ് മെഷീൻ, കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ളവയും കത്തിനശിച്ചു. മൂന്നാർ, അടിമാലി, രാജാക്കാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനകൾ ചേർന്ന് എട്ടു മണിക്കൂറെടുത്താണു തീ നിയന്ത്രണവിധേയമാക്കിയത്.
ഒരു കാവൽക്കാരൻ മാത്രമാണു സംഭവസമയം പ്ലാന്റിലുണ്ടായിരുന്നത്. ഇയാൾ ഓടി രക്ഷപ്പെട്ടു.
തീയണഞ്ഞെങ്കിലും പ്ലാന്റിനുള്ളിൽനിന്നു പുക ഉയരുന്നുണ്ട്. അഗ്നിരക്ഷാസേന പ്രദേശത്തു തുടരുകയാണ്.
മാലിന്യ പ്ലാന്റിൽ ഗുരുതര കൃത്യനിർഹണ പിഴവ്
∙ നല്ലതണ്ണി എസ്റ്റേറ്റിലെ കല്ലാർ ഭാഗത്ത് സർവേ നമ്പർ 66/3 (66/3-1) ലെ 50 സെന്റ് സ്ഥലത്ത് മൂന്നാർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും ടൗണിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ടുവന്നത് കുന്നുകൂടി കിടക്കുന്നതായി പഞ്ചായത്ത് വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
ബയോമൈനിങ് നടന്ന സ്ഥലത്ത് ഏകദേശം 25,000 ക്യുബിക് മീറ്റർ ലെഗസി വേസ്റ്റ് കുന്നുകൂടി കിടക്കുന്നതായാണ് റിപ്പോർട്ട്. ഈ പരാമർശങ്ങൾ അവഗണിച്ചെന്ന് പരാതിയുണ്ട്.
ഓഡിറ്റ് വകുപ്പിന്റെ 2024–2025 റിപ്പോർട്ടിൽ പഞ്ചായത്തിലെ ലെഗസി വേസ്റ്റ് (ഡംപിങ് യാർഡിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ മാലിന്യങ്ങൾ), കിലോഗ്രാമിന് 4.50 രൂപ നിരക്കിൽ നൽകുന്നതിനു സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കി.
ഒരു വർഷം കൊണ്ട് 23,535 കിലോഗ്രാം മാലിന്യം കൊണ്ടുപോയതിന് 1,24,970 രൂപ നൽകി. കിലോഗ്രാമിന് 4.50 രൂപ നിരക്ക് നിശ്ചയിച്ചിരിക്കെ, ജിഎസ്ടി ഉൾപ്പെടെ കിലോഗ്രാമിന് 5.35 നിരക്കിലാണ് തുക നൽകിയെന്ന ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
കരാർ പ്രകാരം കിലോഗ്രാമിന് 0.50 രൂപ തിരികെ പഞ്ചായത്തിന് ലഭ്യമാക്കണമെന്നിരിക്കെ കമ്പനി നൽകിയിട്ടില്ല. ഇതിൽ ഇതുവരെയും നടപടിയും സ്വീകരിച്ചിട്ടില്ല.
പഞ്ചായത്തിൽ ഒരു മാസം ശരാശരി 85 തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നതിനും തരം തിരിക്കുന്നതിനും വളം നിർമാണത്തിനും പ്രവർത്തിക്കുന്നു. ഇതിൽ 28 പേർ മാലിന്യം ശേഖരിക്കുന്നതിനും തരം തിരിക്കുന്നതിനും വളം നിർമാണത്തിനും പ്രവർത്തിക്കുന്നുണ്ട്.
57 പേർ മൂന്നാർ പഞ്ചായത്തിൽ 2 വാർഡുകളിലായി പ്രവർത്തിക്കുന്നതായി രേഖപ്പെടുത്തി വേതനം നൽകി. മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ ഉചിതമായ മേൽനോട്ടം ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്.
2024-2025 വർഷം പിരിച്ചെടുത്ത യൂസർഫീ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഇതിൽ മിക്ക തുകകളും പിരിവ് നടത്തുന്ന ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു ഗുരുതര പരാമർശങ്ങൾ ഉണ്ടായിട്ടും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരെ കൂടുതൽ നടപടികളിലേക്ക് വകുപ്പ് കടന്നിട്ടില്ല.
തീ നിയന്ത്രണ വിധേയമാക്കാൻ എടുത്തത് 8 മണിക്കൂർ
മൂന്നാർ ∙ നല്ലതണ്ണി മാലിന്യ പ്ലാന്റിലുണ്ടായ തീയണച്ചത് അഗ്നിരക്ഷാസേനയിലെ മൂന്നു യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ സംഘം 8 മണിക്കൂർ കൊണ്ട്.
അടിമാലി, രാജാക്കാട്, മൂന്നാർ എന്നീ യൂണിറ്റുകളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ (വാട്ടർ ടെണ്ടറുകൾ) ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളം തീരുന്ന മുറയ്ക്ക് നല്ലതണ്ണിയിലെ യൂണിറ്റ് ആസ്ഥാനത്തെത്തി ടെണ്ടറുകളിൽ വെള്ളം നിറച്ചെത്തിയാണ് തീ കെടുത്തിയത്.
മൂന്നാർ സ്റ്റേഷൻ ഓഫിസർ എ.നസ്റുദീന്റെ നേതൃത്വത്തിലുള്ള മനോജ്, ജിതിൻ രാജ്, അനീഷ്, ഷുഹൈബ്, രാകേഷ്, സാജൻ, അനീഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തമുണ്ടായെന്ന് വിവരമറിഞ്ഞ ഉടൻ മൂന്നാർ അഗ്നിരക്ഷാനിലയത്തിലെ ഒരു യൂണിറ്റ് സ്ഥലത്തെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റും മാലിന്യത്തിന്റെ അളവും കാരണം തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് രാജാക്കാട്, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും കൂടുതൽ വാഹനങ്ങളും സ്ഥലത്തെത്തി.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നീക്കിയാണ് വെള്ളമൊഴിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കനത്ത പുകയും ദുർഗന്ധവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും സുരക്ഷാ വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും ധരിച്ചാണ് ഫയർഫോഴ്സ് ജീവനക്കാർ ദൗത്യം തുടർന്നത്.
രാത്രി വൈകിയും തുടർന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ വലിയ തീ അണയ്ക്കാനായെങ്കിലും, രാവിലെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുക ഉയർന്നത് ആശങ്കയുണ്ടാക്കി. ഇതേത്തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മൂന്നാർ അഗ്നിരക്ഷാസേന പുക പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ ഇന്നലെ വൈകിട്ടും തുടർന്നു.
പഞ്ചായത്തിനോട് റിപ്പോർട്ട് തേടി
തൊടുപുഴ ∙ മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റിന് തീ പിടിച്ച സംഭവത്തിൽ പഞ്ചായത്തിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്. തീപിടിത്തം ഉണ്ടാകാനുള്ള കാരണ ഉൾപ്പെടെ ആവശ്യപ്പെട്ടാണ് റിപ്പോർട്ട് തേടിയിട്ടുള്ളത് എന്ന് മറുപടി ലഭിക്കുന്ന മുറയ്ക്കു തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം പ്ലാന്റിലെ തീ പൂർണമായി അണയാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ എടുക്കേണ്ട മുൻകരുതലുകൾ, ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ എന്നിവ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
പരാതി നൽകി
∙ മാലിന്യ പ്ലാന്റിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം. സംഭവം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പൊലീസിൽ പരാതി നൽകി.
വൈദ്യുതി വേലിക്കായി സ്ഥാപിച്ച സോളർ ബാറ്ററി പൊട്ടിത്തെറിച്ചല്ല, മറിച്ച് മറ്റാരോ മാലിന്യ കൂമ്പാരത്തിന് തീവച്ചതാണെന്നും ഈ തീ പടർന്നാണ് ബാറ്ററി പൊട്ടിത്തെറിച്ചതെന്നും ഇത് അട്ടിമറിയാണെന്നുമാണ് പരാതിയിലുളളത്.
ജാഗ്രത വേണം
∙ മാലിന്യ സംസ്കരണ പ്ലാന്റുകളിൽ തീപിടിത്തം ഉണ്ടാകുമ്പോൾ അതിൽ നിന്നും ഉയരുന്ന വിഷപ്പുക ആദ്യവും പെട്ടെന്നും ബാധിക്കുന്നത് മനുഷ്യന്റെ ശ്വാസകോശത്തെയാണ്. ആസ്മയോ എംഫിസീമയോ സിഒപിഡിയോ ഒക്കെയുള്ള ആളുകൾക്ക് ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങൾ പെട്ടെന്ന് കൂടുതലാകാനുള്ള സാധ്യതയുണ്ട്.
പ്രത്യേകിച്ച് പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും. പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ, ഏജന്റ് ഓറഞ്ച് എന്നിവ ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്.
ഇവ പച്ചക്കറികളിലും വെള്ളത്തിലും പടരാം. ഇവ കഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകാം.
ടൂറിസം മേഖലയിൽ ആശങ്ക
മൂന്നാർ ∙ മൂന്നാറിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള മാലിന്യ പ്ലാന്റിലെ തീപിടിത്തം ജനവാസ മേഖലയെയും ടൂറിസം സ്ഥാപനങ്ങളെയും ആശങ്കയിലാക്കി.
പ്ലാസ്റ്റിക് ഗന്ധം നിറഞ്ഞ പുക അന്തരീക്ഷത്തിൽ നിറഞ്ഞതു ജനവാസമേഖലയെ ബാധിച്ചു. പഞ്ചായത്തിന്റെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
മാലിന്യ പ്ലാന്റിലെ സിസിടിവി പരിശോധിച്ചു തീപിടിത്തത്തിന്റെ കാരണം പുറത്ത് കൊണ്ടു വരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തീ ഇപ്പോൾ നിയന്ത്രണ വിധേയമാണ്.
മധ്യവേനൽ അവധിക്കാലമരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ച സമയത്താണ് മാലിന്യ സംസ്കരണ പ്ലാന്റ് കത്തി നശിച്ചത്. ഇതോടെ വിനോദ സഞ്ചാര സീസണായ അടുത്ത രണ്ടു മാസം മൂന്നാർ ടൗൺ, റിസോർട്ടുകൾ, ജനവാസ മേഖലകൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഇല്ലാതായി.
വിനോദ സഞ്ചാര സീസണിൽ മൂന്നാറിൽ നിന്നും ഒരു ദിവസം 12 മുതൽ 16 ടൺ വരെ മാലിന്യങ്ങൾ പഞ്ചായത്ത് ശേഖരിക്കുന്നു.
ശേഖരിക്കുന്ന മാലിന്യം മൂന്നാറിൽ നിന്നും പ്ലാന്റിലെത്തിച്ച് ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച്, ജൈവവളം, പ്ലാസ്റ്റിക് കട്ടകൾ എന്നിവയാക്കി മാറ്റുകയാണ് ചെയ്യുന്നത്. വളം, പ്ലാസ്റ്റിക് എന്നിവയുടെ വിൽപന വഴി പഞ്ചായത്തിന് ലക്ഷങ്ങൾ വരുമാനമുണ്ട്.
പ്ലാന്റ് കത്തി നശിച്ചതോടെ അടുത്ത രണ്ടു മാസം ശേഖരിക്കുന്ന ടൺകണക്കിന് മാലിന്യങ്ങൾ സംസ്കരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. ‘പൊട്ടിത്തെറി’ എവിടെ?
∙ബുധനാഴ്ച വൈകിട്ട് 5.30നാണ് പ്ലാന്റിന് മുൻപിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചത്.
സോളർ വേലിക്കായി സ്ഥാപിച്ച ബാറ്ററി പൊട്ടിത്തെറിച്ചെന്നാണ് സംശയം. വന്യമൃഗശല്യം നിയന്ത്രിക്കാനായി പ്ലാന്റിന് ചുറ്റും നാലു മാസം മുൻപ് വൈദ്യുതി വേലി നിർമിച്ചിരുന്നു.
ഇതിനായി സ്ഥാപിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിലെ തീയണച്ചെങ്കിലും പ്ലാസ്റ്റിക് പുകയുന്നത് ഇന്നലെയും തുടർന്നു.
പ്ലാന്റിൽ നിന്നു മൂന്നു കിലോമീറ്റർ ദൂരത്തു മാത്രമാണ് ജനവാസമുള്ളത്. എന്നാൽ പ്ലാസ്റ്റിക് കത്തുന്ന പുക പ്രദേശത്ത് പടരുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.
ഭക്ഷണം തേടി പടയപ്പ
∙ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് പടയപ്പ ഭക്ഷണം തേടി കല്ലാറിലെ പ്ലാന്റിലെത്തിയത് .
ഒരാഴ്ചയായി പച്ചക്കറി മാലിന്യങ്ങൾ പടയപ്പ ഇവിടെയെത്തി കഴിക്കുന്നുണ്ട്. പടയപ്പ സ്ഥലത്തു നിന്നു മാറാതായതോടെ അഗ്നിരക്ഷാസേനാംഗങ്ങളുടെ ജോലി തടസ്സപ്പെട്ടു.
തുടർന്ന് പെട്ടിമുടി ആർആർടി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് പടയപ്പയെ കാട്ടിലേക്ക് ഓടിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

