അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ ഇരുട്ടുകാനത്ത് നടന്നു വരുന്ന നിർമാണ ജോലികളിൽ ക്രമക്കേടെന്ന് ആക്ഷേപം. കൊടും വളവോടു കൂടിയ ഭാഗത്ത് സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തെയും, വ്യാപാര സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് വളവ് നിവർത്താതെ നടന്നു വരുന്ന നിർമാണ ജോലികളാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
ദേശീയ പാതയിൽ ഇരുട്ടുകാനത്തു നിന്ന് രണ്ടാംമൈൽ ചെകുത്താൻ മുക്ക് വരെയുള്ള ദൂരത്തിനു ആനച്ചാൽ വഴിയുള്ള സമാന്തരപാത ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ദേശീയ പാതയിലൂടെ മൂന്നാറിന് പോകുന്നതിൽ കൂടുതൽ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ഇതോടൊപ്പം കുഞ്ചിത്തണ്ണി, ബൈസൺവാലി, ചിന്നക്കനാൽ, രാജാക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്.
ഇത്തരം സാഹചര്യത്തിൽ ഇരുട്ടുകാനം ജംക്ഷൻ വീതികൂട്ടി നിർമിക്കണം എന്നതിനൊപ്പം അപകടങ്ങൾ കുറയ്ക്കുന്നതിന് ട്രാഫിക് ഐലൻഡു കൂടി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. ദേശീയപാതയുടെ നവീകരണ ജോലികളുമായി ബന്ധപ്പെട്ട് കൊടും വളവ് നിവർത്തി ജംക്ഷനിൽ വേണ്ടത്ര വീതി ഉറപ്പു വരുത്തുമെന്ന് എൻഎച്ച്എഐ അധികൃതർ അറിയിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.
എന്നാൽ ജില്ലയിലെ മുതിർന്ന സിപിഎം നേതാവിന്റെ സഹോദരന് ബന്ധമുള്ള സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തെയും മറ്റു ചിലരെയും സഹായിക്കുന്നതിനായി കൊടും വളവ് നിവർത്താതെ കരാർ കമ്പനി നവീകരണ ജോലികൾ നടത്തുകയാണ്. ഇതോടെ ഇവിടെ നിലനിൽക്കുന്ന ഗതാഗത കുരുക്കും വാഹന അപകടങ്ങളും പതിവാകുമെന്ന ആശങ്ക വർധിച്ചിട്ടുണ്ട്.
വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി മൂന്നാർ, ആനച്ചാൽ, മാങ്കുളം ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്.
ഇപ്പോൾ നടന്നു വരുന്ന നവീകരണ ജോലികളിൽ ഉണ്ടായിരിക്കുന്ന ക്രമക്കേട് വരും കാലങ്ങളിൽ പ്രദേശത്തിന്റെ വികസനം മുരടിപ്പിക്കുന്നതിനും ഗതാഗത കുരുക്കും, അപകടങ്ങളും വർധിക്കുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇത്തരം സാഹചര്യത്തിൽ ദേശീയപാത അധികൃതർ, ജില്ല കലക്ടർ, ജനപ്രതിനിധികൾ എന്നിവർ അടിയന്തരമായി സംഭവ സ്ഥലം സന്ദർശിച്ച് നിർമാണത്തിൽ ഉണ്ടായിട്ടുള്ള അപാകത പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം.
പാതയുടെ വികസനം തടസ്സപ്പെടുത്തി സ്വകാര്യ വ്യക്തികളെ സഹായിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ ഒത്താശ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

