പൂപ്പാറ ∙ കുടിയാെഴിപ്പിക്കലിലെ സങ്കടക്കാഴ്ചയായി വേലമണി (62) യുടെ കുടുംബം. പൂപ്പാറയിൽ പന്നിയാർ പുഴയുടെ തീരത്തുള്ള ഒന്നര സെന്റ് പുറമ്പോക്ക് ഭൂമിയിൽ കടം വാങ്ങിയും നാട്ടുകാർ പിരിവെടുത്തും നൽകിയ തുകയും ഉപയോഗിച്ചാണ് കൂലിപ്പണിക്കാരിയായ വേലമണി ചെറിയാെരു വീട് നിർമിച്ചത്.
ഇൗ കോളനിയിലെ അവസാനത്തെ വീടാണ് ഇവരുടേത്. വിധവയായ വേലമണിയുടെ ഏകമകൾ എലിസബത്തിനെ ഏതാനും വർഷം മുൻപ് അവരുടെ ഭർത്താവ് ഉപേക്ഷിച്ചു പോയി.
ഇതിനിടെ വാഹനാപകടത്തിൽ പരുക്കേറ്റ വേലമണിക്ക് കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി.
എലിസബത്ത് ജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. എലിസബത്തിന്റെ 5 വയസ്സുള്ള മകൻ ഗ്രെയ്സൺ അപസ്മാര രോഗിയാണ്.
വീടാെഴിയേണ്ടി വരുമെന്നറിഞ്ഞ ഗ്രെയ്സണ് ബുധനാഴ്ച രാത്രിയിലും രോഗം കൂടി. ഇന്നലെ രാവിലെ ഒഴിപ്പിക്കലിനായി ദൗത്യസംഘം ഇവിടെയെത്തുമ്പോഴും ഗ്രെയ്സൺ ഉറക്കമെഴുന്നേറ്റിരുന്നില്ല.
രോഗബാധിതനായ മകനെയും കാെണ്ട് എവിടേക്ക് പോകുമെന്നറിയാതെ വിഷമിക്കുകയാണ് എലിസബത്തും അമ്മയും. ഇന്നലെ അയൽവാസിയുടെ വീട്ടിലേക്ക് മാറിത്താമസിച്ചെങ്കിലും ഇനിയെന്തെന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ളത്.
പൂപ്പാറയിൽ ഒഴിപ്പിക്കൽ; പുറമ്പോക്കിൽ നിർമിച്ച കെട്ടിടങ്ങളും ആരാധനാലയങ്ങളും പൊളിച്ചുനീക്കി അധികൃതർ
പൂപ്പാറ (ഇടുക്കി) ∙ പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിൽ നിർമിച്ച 85 കെട്ടിടങ്ങളും 3 ആരാധനാലയങ്ങളും അധികൃതർ പൊളിച്ചു നീക്കി.
ഇന്നലെ രാവിലെ 6ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്. ഹൈക്കോടതി ഉത്തരവുപ്രകാരമാണു സർക്കാർ നടപടി.
ഒഴിപ്പിച്ചവയിൽ 29 വീടുകളും ഉൾപ്പെടുന്നു. 2024 ജനുവരി 17ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂപ്പാറ ടൗണിലെ ഇൗ കെട്ടിടങ്ങൾ 2024 ഫെബ്രുവരി 7നു സർക്കാർ ഏറ്റെടുത്തിരുന്നു.
ഇവയാണ് ഇന്നലെ പാെളിച്ചുനീക്കിയത്. കടകൾ നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നെങ്കിലും ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നില്ല.
ഇൗ കെട്ടിടങ്ങളും ഇന്നലെ ഒഴിപ്പിച്ചശേഷം പാെളിച്ചുനീക്കി. വീടുകളിലെ താമസക്കാർ 24 മണിക്കൂറിനകം ഒഴിയണമെന്നാവശ്യപ്പെട്ട് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി ഉടമകൾക്കു നോട്ടിസ് നൽകിയിരുന്നു.
29 വീടുകൾ ഒഴിപ്പിച്ചതിൽ 15 കുടുംബങ്ങൾക്കു പൂപ്പാറ വില്ലേജിൽത്തന്നെ വീടോ കൃഷിഭൂമിയോ ഉള്ളവരാണെന്നു റവന്യു അധികൃതർ പറയുന്നു.
അവശേഷിക്കുന്ന 14 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ ശാന്തൻപാറ പഞ്ചായത്തിനു ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ ഒഴിപ്പിക്കുമ്പോൾ താമസക്കാർ പ്രതിഷേധമുയർത്തിയെങ്കിലും അധികൃതരുടെ ഇടപെടലിൽ പ്രതിഷേധം അവസാനിപ്പിച്ചു.
കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കലക്ടർ വി.എം.ആര്യ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ, പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

