മായം ഇല്ലാത്തതും രുചിയേറിയ ഫ്രഷ് മീനുകൾ വേണോ? പൈനാവിന് അടുത്തുള്ള വെള്ളാപ്പാറയിലെ ‘മത്സ്യാരണ്യകം’ മത്സ്യവിപണന കേന്ദ്രത്തിലേക്കു വരൂ.., മീനുകൾ റെഡി. ഇടുക്കി അണക്കെട്ടിൽനിന്നു പിടിക്കുന്ന മീനുകൾക്ക് ആവശ്യക്കാർ ഏറെ.
കട്ല, ഗോൾഡ് ഫിഷ്, രോഹു, തിലാപ്പിയ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുക. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ 2019ൽ ആരംഭിച്ച മത്സ്യാരണ്യകം പദ്ധതിയുടെ ഭാഗമായി കൊലുമ്പൻ ഉന്നതി ഫിഷർമെൻ സബ് ഗ്രൂപ്പ് എന്ന പേരിൽ 12 പേർ അടങ്ങുന്ന സംഘമാണ് മത്സ്യവിൽപന കേന്ദ്രം നടത്തുന്നത്.
പാറേമാവ് കൊലുമ്പൻ കോളനി നിവാസികളാണ് 12 പേരും. പദ്ധതി ആരംഭിച്ച് 6 വർഷം പിന്നിടുമ്പോൾ 84 ലക്ഷം രൂപയാണ് സംഘത്തിന്റെ വരുമാനം.
ഇതിനകം 35000 കിലോ മീനാണ് വിറ്റത്. വർഷത്തിൽ 15 ലക്ഷം രൂപയാണ് മത്സ്യം വിറ്റ് മാത്രം ലഭിക്കുന്നത്.
വാട്സാപ്പിലൂടെ ഓർഡർ സ്വീകരിച്ചാണ് വിൽപന.
മുൻകൂർ ഓർഡർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ ക്രമത്തിലാണു വിൽപന നടത്തുക. ഓർഡറുകൾ തലേദിവസം രാത്രി വാട്സാപ് ഗ്രൂപ്പിൽ അറിയിക്കാം.
ദിവസേന രാവിലെ 9.30ന് ആരംഭിക്കുന്ന വിൽപന മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച് നീളും. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് വില.
മത്സ്യം വൃത്തിയാക്കി നൽകുന്നതിനും വാട്സാപ്പിലൂടെ ലഭിക്കുന്ന ഓർഡർ അനുസരിച്ചു മത്സ്യം നൽകുന്നതിനും ഒരാളെ നിയോഗിച്ചിട്ടുണ്ട്. മത്സ്യം വാങ്ങുന്നതിനു ബുക്കിങ് നമ്പർ: 7907499331.
മായമില്ലാത്ത മീൻ
പൊതുജനങ്ങൾക്ക് മായമില്ലാത്ത മീൻ ലഭ്യതയ്ക്ക് അനുസരിച്ചു നൽകുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് സംഘം ചെയർമാൻ സി.രഘു പറഞ്ഞു.
കൊലുമ്പൻ കോളനി നിവാസികൾ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടിൽനിന്നു മീൻ പിടിക്കുന്നവരാണ്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങൾ വിൽക്കുമ്പോൾ കൃത്യമായി പ്രതിഫലം ലഭിക്കാറില്ല.
അതിനാൽ ഇവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാണ് വനംവകുപ്പ് പദ്ധതി ആരംഭിച്ചത്. മീൻ പിടിക്കാൻ പോകുന്നവർക്ക് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും വനംവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

