നെടുങ്കണ്ടം ∙ 10 ദിവസത്തിനുള്ളിൽ കർഷകർക്കു പണം നൽകിയില്ലെങ്കിൽ ഏലം ലേലകേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്പൈസസ് ബോർഡ് ചെയർപഴ്സൻ സംഗീത വിശ്വനാഥൻ. കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നെടുങ്കണ്ടത്തു നടന്ന കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപഴ്സൻ. ലേലകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ കർശനമാക്കും.
കർഷകർക്കു പണം നൽകാത്ത രണ്ട് ലേല ഏജൻസികളുടെ ലൈസൻസ് ഇതിനോടകം റദ്ദ് ചെയ്തെന്നും പറഞ്ഞു.
കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ അധ്യക്ഷത വഹിച്ചു. ഏലത്തിന്റെ മിനിമം ഇംപോർട്ട് പ്രൈസ് കാലോചിതമായി പരിഷ്കരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
ഏലം മേഖല നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് കർഷക സംഘടനകൾ നേതൃത്വം നൽകണമെന്നും അത്തരം സമരങ്ങൾക്ക് എംഎൽഎ നിലയിൽ മുൻപന്തിയിലുണ്ടാകുമെന്നും കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്നും എം.എം.മണി എംഎൽഎ പറഞ്ഞു.
സുപ്രീംകോടതിയിൽ നടക്കുന്ന സിഎച്ച്ആർ കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകളാണ് യോഗത്തിൽ ചർച്ചയായത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഇടപെടുത്താമെന്നും കേസ് നടത്തിപ്പിനാവശ്യമായ ചെലവുകൾ സ്പൈസസ് ബോർഡിൽനിന്നു ലഭ്യമാക്കുന്നതിന് ഇടപെടലുകൾ നടത്താമെന്നും സ്പൈസസ് ബോർഡ് ചെയർപഴ്സനും ഉറപ്പുനൽകി.
ഫെഡറേഷൻ സെക്രട്ടറി പി.ആർ.സന്തോഷ് വിഷയാവതരണം നടത്തി. കോർ കമ്മിറ്റി അംഗങ്ങളായ ആർ.മണിക്കുട്ടൻ, വി.ജെ.ജോസഫ്, സംസ്ഥാന കടാശ്വാസ കമ്മിഷൻ അംഗം ജോസ് പാലത്തിനാൽ എന്നിവർ പ്രസംഗിച്ചു.
നെടുങ്കണ്ടം മേഖലയിലുള്ള 250ലധികം ഏലം കർഷകർ യോഗത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

