കൊച്ചി ∙ കൊച്ചി നഗരത്തിൽ മുൻഗണനയോടെ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് 50 ദിന കർമപദ്ധതി തയാറാക്കുമെന്നു മേയർ വി.കെ.മിനിമോൾ, ഡപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവർ പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വെള്ളക്കെട്ട്, മാലിന്യ സംസ്കരണം, തെരുവുനായ് ശല്യം, കൊതുകു നിവാരണം എന്നിങ്ങനെ അടിയന്തര പ്രാധാന്യമർഹിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
ഇതെല്ലാം ഒറ്റയടിക്കു പൂർത്തിയാക്കാനുമാവില്ല. സാധാരണക്കാർക്കു കൂടി പ്രാപ്യമായ നഗരമായി കൊച്ചിയെ മാറ്റുകയാണു ലക്ഷ്യമെന്നു മേയർ പറഞ്ഞു.
മുൻ കൗൺസിലുകളുടെ തുടർച്ചയാകും ഈ കൗൺസിലും. എങ്കിലും നയ പരിപാടികളിൽ മാറ്റം വരും.
നഗരത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു വിദഗ്ധരുടെ അഭിപ്രായം തേടും.
ധന ലഭ്യത ഉറപ്പാക്കാനും ധനച്ചോർച്ച തടയാനുമുള്ള നടപടികൾ ഉണ്ടാകും.
ഒരു കോടി രൂപ വരെ ഡിവിഷൻ ഫണ്ട് നൽകിയ നഗരമാണു കൊച്ചി. ചില ഡിവിഷനുകളിൽ ഈ ഫണ്ട് വിനിയോഗിക്കാനുള്ള പ്രോജക്ടുകൾ ഉണ്ടാവില്ല.
ഇത്തരം സാഹചര്യങ്ങളിലാണു ക്രമക്കേടുകൾ നടക്കുന്നത്. ഡിവിഷൻ ഫണ്ട് കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ ഇല്ല.
കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇതു നിർത്തിയതു വീണ്ടും തുടങ്ങാൻ ആഗ്രഹിക്കുന്നില്ല. പുതിയ ഓഫിസിലേക്കു നഗരസഭയുടെ പ്രവർത്തനം മാറ്റാൻ ഇനിയും സമയം വേണ്ടിവരും.അതിനു ശേഷമേ പഴയ ഓഫിസിന്റെ കാര്യം ആലോചിക്കൂ.ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അവസ്ഥയെന്തെന്നു പരിശോധിച്ച് മാസ്റ്റർ പ്ലാൻ അനുസരിച്ചായിരിക്കും പ്രവർത്തനം.
സമീപ മുനിസിപ്പാലിറ്റികൾക്കു കൂടി പ്ലാന്റ് ഉപയോഗപ്പെടുത്തും.
കഴിഞ്ഞ കൗൺസിൽ പബ്ലിക് ടോയ്ലറ്റുകൾ സ്ഥാപിക്കാൻ പ്രോജക്ട് വച്ചിട്ടുണ്ട്. അതു പരിശോധിച്ചു മുന്നോട്ടുപോകും.
സമൃദ്ധി, ഷീ ലോഡ്ജ് പദ്ധതികൾ കൂടുതൽ ഊർജിതമായി നടപ്പാക്കും. നഗരത്തിനു ലഭിക്കുന്ന സിഎസ്ആർ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ചു കൂടുതൽ പഠിക്കുമെന്നും മേയർ പറഞ്ഞു.
ഉദ്യോഗസ്ഥ, രാഷ്ട്രീയ തലത്തിലെ അഴിമതി പൂർണമായി ഇല്ലാതാക്കുമെന്നും ഇതിനായി കർശന മാർഗനിർദേശങ്ങൾ നൽകുമെന്നും മേയർ പറഞ്ഞു. നയപരമായി തീരുമാനമെടുക്കേണ്ട
ഫയൽ 15 ദിവസത്തിൽ കൂടുതൽ ഒരാൾ കയ്യിൽ വയ്ക്കാൻ പാടില്ല. അല്ലാത്ത ഫയലുകൾ 7 ദിവസത്തിനകം തീർപ്പാക്കണം.
ഇത്തരം കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും ജനങ്ങൾക്കു നേരിട്ടു പരാതി നൽകാൻ സംവിധാനം ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

