കൊല്ലം–എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. ഇതിന്റെ ഭാഗമായി കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന് റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നൽകി.
പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച അന്തിമ തീരുമാനമെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവെച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറങ്ങും.
വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇരിക്കാനോ സുരക്ഷിതമായി നിൽക്കാനോ പോലും സാധിക്കാത്ത യാത്രാ സാഹചര്യങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുന്നിൽ നേരിട്ട് അവതരിപ്പിക്കുകയുണ്ടായി.
വേണാട് എക്സ്പ്രസിന് തൊട്ടുമുമ്പായി വൈകുന്നേരം ഒരു അധിക ട്രെയിൻ ഏർപ്പെടുത്തണമെന്നും, നിലവിലുള്ള കൊല്ലം–കോട്ടയം മെമു എറണാകുളം വരെ ദീർഘിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. തുടർന്ന് മന്ത്രിയുടെ ഓഫിസിൽനിന്ന് റെയിൽവേ ബോർഡിലേക്കും അവിടെനിന്ന് ദക്ഷിണ റെയിൽവേയിലേക്കും നിർദേശങ്ങൾ കൈമാറുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 3ന് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിവേദനവും സമർപ്പിച്ചിരുന്നു. ഈ നിരന്തരമായ ഇടപെടലുകളുടെയും ചർച്ചകളുടെയും ഫലമായാണ് ഇപ്പോൾ യാത്രാക്ലേശം പരിഹരിച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ഈ പുതിയ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രാക്കാരാണ് വലിയ ആശ്വാസത്തിലാകുന്നത്. പ്രത്യേകിച്ച് ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മൺറോതുരുത്ത് തുടങ്ങിയ മേഖലകളിലുള്ളവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

