കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് മരണപ്പെട്ട തട്ടുകട
ഉടമ ജയബാലകൃഷ്ണന്റെ വസതിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി. കേസിൽ കുടുംബത്തിന് പൂർണ്ണ നീതി ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് നേരിട്ടെത്താൻ വൈകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു.
ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സ്ഥലം എം.എൽ.എ ടി.ജെ. വിനോദ് തുടങ്ങിയ പ്രമുഖരും ഒപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് 1.50-ഓടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വസതിയിലെത്തിയത്. തുടർന്ന് ഭാര്യ, മക്കൾ, മറ്റ് ബന്ധുക്കൾ എന്നിവരുമായി അദ്ദേഹം കാര്യങ്ങൾ ചർച്ച ചെയ്തു.
ഏകദേശം 20 മിനിറ്റോളം കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട
നിലവിലെ ആശങ്കകളും അന്വേഷണ വിവരങ്ങളും കുടുംബം മുഖ്യമന്ത്രിയോട് നേരിട്ട് വിശദീകരിച്ചു. തങ്ങൾക്കുള്ള എല്ലാ ആശങ്കകളും രേഖാമൂലം മുഖ്യമന്ത്രിക്ക് കൈമാറിയതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.
അതേസമയം, നാളെ രാവിലെ 8.30-ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേരാനല്ലൂരിലെ വസതിയിലെത്തി ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും. നേരത്തെ ആഭ്യന്തരമന്ത്രിയും മകളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
കേസിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിവന്ന സമരം പിൻവലിച്ചത്. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കാറോടിച്ച 17-കാരനെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും, ചേരാനല്ലൂർ സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ മാറ്റുകയും ചെയ്തിരുന്നു.
അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് ഈ മാസം 25-നാണ് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. വൻ ജനരോഷം ഉയർന്നതിനെ തുടർന്ന് വാഹനത്തിന്റെ റജിസ്ട്രേഡ് ഉടമ എന്ന നിലയിൽ ജഡ്ജിക്കെതിരെയും കേസെടുക്കുകയും രണ്ടു ദിവസത്തോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. തന്റെ അറിവോടെയല്ല കുമാർ വാഹനം എടുത്തു കൊണ്ടുപോയതെന്നാണ് ജഡ്ജിയുടെ മൊഴി.
ജുവനൈൽ ജസ്റ്റിസ് ബോർഡ് 17-കാരന് നൽകിയ ജാമ്യം റഡാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലുകൾ നാളെ അഡീഷണൽ ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

