കൊച്ചി ∙ വിനോദസഞ്ചാരികൾക്കു ലക്ഷദ്വീപിലേക്കു പ്രവേശന പെർമിറ്റ് ലഭിക്കാൻ പ്രാദേശിക സ്പോൺസർഷിപ് വേണമെന്ന നിബന്ധന ഒഴിവാക്കി. സ്പോൺസർമാരുടെ സത്യവാങ്മൂലം ഇല്ലാതെ തന്നെ ഇനി പ്രവേശന പെർമിറ്റിന് അപേക്ഷിക്കാം.
വിനോദസഞ്ചാരികൾ സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്നു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) മുൻകൂട്ടി വാങ്ങി ഹാജരാക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. പകരം ഇനി ലക്ഷദ്വീപ് പൊലീസ് തന്നെ നേരിട്ടു പിസിസി നൽകും.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു എൻട്രി പെർമിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കി ഭരണകൂടം സർക്കുലർ ഇറക്കിയത്.
ദ്വീപിലെ ഡാക് ബംഗ്ലാവുകളിലും റിസോർട്ടുകളിലും മദ്യം വിളമ്പാൻ അനുമതി നൽകിയതിനും ദ്വീപിലെത്തുന്നവരുടെ നല്ല പെരുമാറ്റങ്ങൾക്കുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു സ്പോൺസർമാർ നൽകേണ്ടിയിരുന്ന സത്യവാങ്മൂലം ആവശ്യമില്ലെന്ന ഭേദഗതി കൊണ്ടുവന്നതിനും പിന്നാലെയാണു പുതിയ ഉത്തരവുമായി അധികൃതർ എത്തിയത്. ലക്ഷദ്വീപ് ആഗോള വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറുമ്പോഴും യാത്രാനുമതി ലഭിക്കാനുള്ള കഠിനമായ ചട്ടങ്ങൾ കല്ലുകടിയായിരുന്നു.
ഇതിനാണു മാറ്റമുണ്ടാകുന്നത്. ദ്വീപിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ എത്തുന്നവർക്കും തീരുമാനം ഗുണകരമാകും.
ലഭിക്കാൻ ഏറെ പ്രയാസകരമായിരുന്ന പ്രാദേശിക സ്പോൺസർഷിപ് ആയിരുന്നു ലക്ഷദ്വീപിലേക്കു പോകുന്നതിൽ നിന്നു യാത്രികരെ പിന്നാക്കം വലിച്ചിരുന്ന പ്രധാന കടമ്പ.
ഇത് ഇല്ലാതാകുന്നതോടെ ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വൻ തോതിൽ വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നടപടിക്രമങ്ങളിൽ ഇളവു വരുത്തിയതിനൊപ്പം ചില നിർദേശങ്ങളും അധികൃതർ മുന്നോട്ടുവച്ചിട്ടുണ്ട്. ദ്വീപിലേക്കു യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിക്കു കുറഞ്ഞതു 14 ദിവസം മുൻപെങ്കിലും പെർമിറ്റിനായി അപേക്ഷിക്കണം.
പോകേണ്ട ദ്വീപുകളുടെ പേരും അവിടെ എത്തുന്ന തീയതിയും കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തണം.
പെർമിറ്റിൽ രേഖപ്പെടുത്താത്ത ദ്വീപുകളിൽ പ്രവേശിക്കാൻ അനുവാദം നൽകില്ല. ട്രാൻസിറ്റ് പോയിന്റുകളായ കവരത്തിയിലോ അഗത്തിയിലോ ഇറങ്ങിയ ശേഷമേ മറ്റു ദ്വീപുകളിലേക്കു പോകാനാവൂ.
ട്രാൻസിറ്റ് പോയിന്റുകളിൽ പരമാവധി 12 മണിക്കൂർ മാത്രമേ തങ്ങാനാവൂ. യാത്രാ പെർമിറ്റ് ലഭിച്ചതിനു ശേഷം മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും നിർദേശമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

