
കൊച്ചി ∙ യാത്രക്കാർക്ക് ആശ്വാസമായി മെട്രോ ഫീഡർ സർവീസിന് ഇന്നുമുതൽ പുതിയ സമയക്രമം. വിദൂര സ്ഥലങ്ങളിൽ നിന്നും തൃപ്പൂണിത്തുറയിലിറങ്ങുന്ന ഇൻഫോ പാർക്കിലെ ജീവനക്കാരെ ആകർഷിക്കാൻ കൊച്ചി മെട്രോ അവതരിപ്പിച്ച ഫീഡർ ബസ് സർവീസിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്.
ഉച്ചകഴിഞ്ഞ് കോട്ടയം, കൊല്ലം- തിരുവനന്തപുരം ട്രെയിനുകൾക്ക് കൂടി കണക്ഷൻ ലഭിക്കുന്ന വിധം സമയം പുനഃക്രമീകരിക്കണമെന്ന് യാത്രക്കാരുടെ തുടക്കം മുതലുള്ള ആവശ്യമായിരുന്നു.
കൊച്ചി മെട്രോയും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രതിദിനം യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ തുടങ്ങിയവർ സമയക്രമം സംബന്ധിച്ച് കൊച്ചി മെട്രോയെ സമീപിച്ചിരുന്നു. പഴയ സമയ ക്രമപ്രകാരം ഉച്ചയ്ക്ക് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ഒരു ട്രെയിനും കണക്ഷൻ ലഭിച്ചിരുന്നില്ല.
ഉച്ചയ്ക്ക് 1.35 ന് ഇൻഫോ പാർക്കിൽ നിന്ന് പുറപ്പെടുന്ന ബസ് ഏകദേശം 2.10ന് തൃപ്പൂണിത്തുറയിലെത്തുന്ന വിധത്തിലാണ് പുതിയ സമയക്രമം.
2.26നുള്ള കന്യാകുമാരി–പരശുറാം എക്സ്പ്രസിന് കണക്ഷൻ ലഭിക്കുന്നതോടെ ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കൂടി സർവീസ് ഏറെ പ്രയോജനപ്പെടും. അതുപോലെ വൈകിട്ട് വേണാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർ ഒരു മണിക്കൂറോളം സ്റ്റേഷനിലെത്തി കാത്തിരിക്കേണ്ട
സാഹചര്യമായിരുന്നു. അത്രയും സമയം കൂടി ഇൻഫോപാർക്കിൽ നിന്ന് വൈകി പുറപ്പെടുന്നത് കൊണ്ട് കൂടുതൽ യാത്രക്കാർക്ക് ബസ് പ്രയോജനപ്പെടും.
വൈകിട്ട് 6.10ന് ഇൻഫോപാർക്കിൽ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള സർവീസ്, ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്നവർക്ക് അനുയോജ്യവും പാലരുവി എക്സ്പ്രസിന് കണക്ഷനും ലഭിക്കുന്നതാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടി.
നേരത്തെ 7.10ന് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിച്ചിരുന്നപ്പോൾ പുതിയ സമയക്രമം പ്രകാരം 7.20 ന് ഇൻഫോപാർക്കിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള സർവീസ് ഏറെ ആശ്വാസം നൽകുന്നതായി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. ഒരു ബസ് മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]