കോതമംഗലം∙ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പുതുപ്പാടി- ഇരുമലപ്പടി റോഡിൽ മഴവെള്ളം ഒഴുകി പോകാൻ ആവശ്യമായ കാനകൾ ഒരുക്കിയിട്ടില്ലെന്നു പരാതി. ചെറുവട്ടൂർ എംഎം കവല മുതൽ പാറേപ്പീടിക വരെയുള്ള പ്രദേശത്തെ മഴവെള്ളം ഒഴുകി പോകാൻ കാന ഇല്ലാത്തതു യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതം സൃഷ്ടിക്കുന്നു എന്നാണു പരാതി.
റോഡ് പുനർനിർമാണം ആരംഭിച്ച ഘട്ടത്തിൽ കാനയുടെ ആവശ്യകത ചൂണ്ടിക്കാട്ടി പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കു നാട്ടുകാർ നിവേദനം നൽകിയിരുന്നു.
2023ൽ ‘കരുതലും കൈത്താങ്ങും’ പരിപാടിയിൽ പരാതിയുടെ അടിസ്ഥാനത്തിൽ ഇവിടെ കാന നിർമിക്കുന്നതിനു എസ്റ്റിമേറ്റ് അടിയന്തരമായി ഭരണാനുമതിക്കായി സമർപ്പിക്കുമെന്നു എക്സിക്യൂട്ടീവ് എൻജിനീയർ നാട്ടുകാർക്കു മറുപടി നൽകുകയും ചെയ്തു. എന്നാൽ 2 വർഷം പൂർത്തിയാകുമ്പോഴും നടപടിയില്ല.
ചെറിയ മഴയിൽ ഇവിടെ ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞ് കൂടുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിടേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്തു.
റോഡ് കവിഞ്ഞു ഒഴുകുന്ന ചെളി വെള്ളം സ്വകാര്യ വ്യക്തിയുടെ കുളത്തിലേക്കും ചെറുവട്ടൂർ കാവ് ഭഗവതി ക്ഷേത്രമുറ്റത്തുമാണ് അടിയുന്നത്. റോഡിലേക്കും ക്ഷേത്ര മുറ്റത്തേക്കും ചെളിയും മാലിന്യം എത്തുന്നത് ഒഴിവാക്കാൻ അടിയന്തരമായി കാന നിർമിക്കണം എന്നാവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വീണ്ടും നിവേദനം നൽകിയിരിക്കുകയാണു നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

