വൈപ്പിൻ∙ കടലിന്റെ ഇടയ്ക്കിടെയുള്ള പിണക്കം മാറ്റമില്ലാതെ തുടരുമ്പോൾ കുഴുപ്പിള്ളി ബീച്ചിലെ പ്രധാന ഉല്ലാസ ഉപാധിയായ ഫ്ലോട്ടിങ് ബ്രിജിന് കരയിൽ വിശ്രമം പതിവായി. ബ്രിജിൽ കയറി തിരമാലകൾക്കൊപ്പം ചാഞ്ചാടാൻ ആഗ്രഹിച്ച് ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ എത്തുന്ന സന്ദർശകർക്ക് പലപ്പോഴും നിരാശയോടെ മടങ്ങേണ്ടി വരുന്നു. തിരമാലകളുടെ സ്വഭാവം അടിക്കടി മാറിമറിയുന്നതാണ് കുറഞ്ഞ സമയത്തിനുള്ളിൽ ബീച്ചിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയ ഫ്ലോട്ടിങ് ബ്രിജിന് തിരിച്ചടിയായി മാറുന്നത്. മുൻകാലങ്ങളിൽ കാലവർഷം ശക്തമാകുന്ന സമയത്ത് മാത്രമാണ് തിരമാലകൾ ശക്തമാവാറുള്ളതെങ്കിൽ ഇപ്പോൾ കടലിന്റെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാവുന്ന സ്ഥിതിയാണ്.
ചെറിയ തോതിലുള്ള തിരമാലകളാണ് ബ്രിജിൽ ചാഞ്ചാട്ടമൊരുക്കി സന്ദർശകർക്ക് ഉല്ലാസം പകരുന്നതെങ്കിലും അവ ശക്തമായാൽ അപകട
സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി സന്ദർശകർക്കുള്ള പ്രവേശനം നിർത്തി വയ്ക്കുകയാണ് ചെയ്യാറുള്ളത്.
തിരമാലകൾ കൂടുതൽ ശക്തമായാൽ ബ്രിജ് തന്നെ അഴിച്ചെടുത്ത് കരയിലേക്ക് മാറ്റുകയും വേണം. സന്ദർശകർ കുറയുന്നത് മൂലമുള്ള സാമ്പത്തിക നഷ്ടത്തിന് പുറമേ ഇത്തരത്തിൽ ബ്രിജ് കരയ്ക്ക് കയറ്റേണ്ടി വരുന്നതിനുള്ള അധികച്ചെലവും നടത്തിപ്പുകാർക്ക് തിരിച്ചടിയാകുന്നു.
തുടക്കത്തിൽ അവധി ദിനങ്ങളിൽ പ്രതിദിനം ആയിരത്തോളം സന്ദർശകർ കുഴുപ്പിള്ളി ബീച്ചിലെ ബ്രിജിൽ എത്തിയിരുന്നു.
ഇപ്പോഴും ശരാശരി 300 പേർ എത്താറുണ്ട്. ഒട്ടേറെ പേരിൽ നിന്ന് അന്വേഷണവും വരുന്നുണ്ട്.
എന്നാൽ പ്രവർത്തിപ്പിക്കാൻ കടലിന്റെ കനിവും കാത്തിരിക്കേണ്ട അവസ്ഥയാണെന്നു മാത്രം. ഏതായാലും ഇപ്പോഴത്തെ മഴ കഴിഞ്ഞാൽ ബ്രിജ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നടത്തിപ്പുകാർ.
ഇതിനുള്ള ഒരുക്കങ്ങളും ഇതിനകം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

