കൂത്താട്ടുകുളം ∙ മണ്ണത്തൂർ ആടുകുഴിയിലെ പാറമടയുടെ പ്രവർത്തനം മൂലം സമീപത്തെ കിണറുകളും ഓലികളും വറ്റുന്നതായി പരാതി. മേഖലയിൽ എഴുപതോളം ഓലികൾ ഉണ്ടെന്നാണ് വിവരം.
ഇതിൽ പല ഓലികളും പാറമട പ്രവർത്തനം തുടങ്ങിയതോടെ വറ്റി തുടങ്ങി.
നേരത്തെ ഓലികളിൽ നിന്നു വെള്ളം ലഭിച്ചിരുന്ന കൃഷി സ്ഥലങ്ങളിൽ ഉൾപ്പെടെ ഇപ്പോൾ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിച്ചല്ല പാറമടയിൽ സ്ഫോടനം നടത്തുന്നത് എന്നും ആക്ഷേപമുണ്ട്. സ്ഫോടനത്തിൽ സമീപത്തെ വീടുകൾ പ്രകമ്പനം കൊള്ളുന്ന സ്ഥിതിയാണ്.
ഇതോടെ പരിസരവാസികൾ ഭയത്തോടെയാണു കഴിയുന്നത്. പാറമട
സ്ഥിതി ചെയ്യുന്നതിന് സമീപം 9 ഏക്കറോളം പുറമ്പോക്ക് ഭൂമിയുണ്ടെന്നും ഇതിലെ പാറ പൊട്ടിച്ചു കടത്തുകയാണു ലക്ഷ്യമെന്നും നാട്ടുകാർ ആരോപിച്ചു. പാറമടയുടെ ഏതാനും മീറ്ററുകൾ മാത്രം ദൂരത്തിൽ എംവിഐപി കനാൽ നീർപ്പാലവും 2 ചെക്ക് ഡാമുകളും സ്ഥിതി ചെയ്യുന്നുണ്ട്.
ദുരിതം ചൂണ്ടിക്കാട്ടി മണ്ണത്തൂർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
അമിത ഭാരം കയറ്റിയാണ് ടോറസ് ലോറികൾ എംഎൽഎ പടി– ആടുകുഴി റോഡിലൂടെ സഞ്ചരിക്കുന്നത്, ഇത് റോഡ് തകരാൻ കാരണമാകുന്നു, പാറമടയിൽ നിന്നുള്ള പൊടിയും രാസ വസ്തുക്കളും ഖനന അവശിഷ്ടങ്ങളും സമീപവാസികൾക്കു വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു, 200 മീറ്റർ ഉയരത്തിൽ നടക്കുന്ന സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ ഭൂഗർഭ ജലനിരപ്പ് താഴുകയും നീർച്ചാലുകൾ ഗതിമാറുകയും ചെയ്യുന്നു, രാസമാലിന്യം കലർന്ന് ജലസ്രോതസ്സ് മലിനമാകുന്നു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പാറമടയുടെ പ്രവർത്തനം നിർത്തുന്നതിന് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

