കൊച്ചി∙ ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങൾ കൊച്ചിക്കു പരിചയപ്പെടുത്തിയ പ്രഥമ ഇന്ത്യൻ കൾചറൽ കോൺഗ്രസിന് ഇന്നു സമാപനം. വൈകിട്ട് 5.15 ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തിനു മുന്നോടിയായി 4.55 മുതൽ മമ്മൂട്ടിക്കുള്ള ആദരമായി ‘അഭിനയ സൂര്യൻ– നവരസ’ അവതരണം നടക്കും.
വൈകിട്ട് 7 മുതൽ ‘സിതാരാസ് പ്രൊജക്ട് മലബാറിക്കസിന്റെ’ സംഗീത വിരുന്ന് അരങ്ങേറും. രാവിലെ മുതൽ വൈകിട്ടു വരെ വിവിധ വേദികളിലായി സംവാദങ്ങളും കലാപരിപാടികളും ഉണ്ടാകും.
ഉച്ചയ്ക്ക് 2ന് സുഭാഷ് പാർക്കിലെ വേദിയിൽ എഴുത്തച്ഛൻ പുരസ്കാര ജേതാക്കളെ ആദരിക്കും.
സുഭാഷ് പാർക്കിൽ ഒരുക്കിയ പലസ്തീൻ കലാകാരൻമാരുടെ ചിത്രപ്രദർശനം സിപിഎം സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.
പലസ്തീൻ ജനതയുടെ ജീവിതവും വേദനകളും പ്രതിരോധവും ആവിഷ്കരിക്കുന്ന ശക്തമായ കലാനുഭവമാണ് ‘ദ് ബോഡി കോൾഡ് പലസ്തീൻ’ എന്ന കലാപ്രദർശനം. കൊൽക്കത്തയിൽ നിന്നുള്ള അമിത് മുഖോപാധ്യയാണ് പ്രദർശനം ക്യുറേറ്റ് ചെയ്തത്.
∙ ഇന്ത്യയിൽ സാംസ്കാരികവും കലാപരവുമായ എല്ലാ പ്രസ്ഥാനങ്ങളും ഭീഷണി നേരിടുന്നുവെന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖർ. ചലച്ചിത്ര രംഗത്തെ സാംസ്കാരിക രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചയിൽ സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, സയ്യിദ് മിർസ, അതിയൻ ആതിരൈ, നടിയും സംവിധായകയുമായ രോഹിണി, തമിഴ് സംവിധായകൻ രാജു മുരുകൻ, സംവിധായിക വിധു വിൻസന്റ് എന്നിവർ പങ്കെടുത്തു.
സി.എസ്. വെങ്കിടേശ്വരൻ മോഡറേറ്ററായിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള വിലങ്ങുകൾ ഇന്നു സിനിമ മേഖലയെ മാത്രമല്ല ബാധിച്ചിട്ടുള്ളതെന്നും ജനങ്ങളെ സേവിക്കാൻ വേണ്ടി തിരഞ്ഞെടുത്ത സർക്കാർ ജനങ്ങൾ നൽകിയ അധികാരം ജനങ്ങൾക്കു നേരെ തന്നെ ഉപയോഗിക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പുരോഗമനപരമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ നിർമിക്കാൻ നിർമാതാക്കൾ തയാറാകുന്നില്ലെന്ന് രോഹിണി.
സംസ്കാരം ഏകമുഖ അടിസ്ഥാനത്തിലാണെങ്കിൽ അടിച്ചമർത്തപ്പെടുന്ന ജനതയുടെ സംസ്കാരവും ചെറുത്തുനിൽക്കുന്നവരുടെ സംസ്കാരവും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് സയ്യിദ് മിർസ പറഞ്ഞു. സെൻസർ ബോർഡിൽ വേണ്ടത് ജനാധിപത്യമാണ്.
സ്വതന്ത്രരായ വ്യക്തികളാണ് ബോർഡ് അംഗങ്ങൾ ആകേണ്ടതെന്നും രാജു മുരുകൻ. കഴിഞ്ഞ 100 വർഷത്തെ സിനിമ ചരിത്രത്തിൽ ജാതി രാഷ്ട്രീയം സംസാരിച്ച സിനിമകൾ നാൽപതോളം മാത്രമേ ഉള്ളൂവെന്ന് അതിയൻ ആതിരൈ ഓർമിപ്പിച്ചു.
മലയാള സിനിമ ഇപ്പോഴും സവർണ രാഷ്ട്രീയ പൊതുബോധത്തിന് കീഴിലാണെന്ന് വിധു വിൻസന്റ് അഭിപ്രായപ്പെട്ടു.
കൾചറൽ കോൺഗ്രസ് വരും വർഷങ്ങളിലും
വരും വർഷങ്ങളിലും ഇന്ത്യൻ കൾചറൽ കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കൊച്ചി തന്നെ വേദിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രചനാ ലോകത്തിന്റെ പൊരുൾ പറഞ്ഞ് എഴുത്തുകാർ
കൊച്ചി∙ ഭൂമിയെ അമ്മയായി കാണുന്ന ഇന്ത്യൻ സാംസ്കാരിക ബോധമാണ് തന്റെ കഥകളിൽ മണ്ണിന്റെയും പെണ്ണിന്റെയും ആശങ്കകൾക്ക് ഇടം നൽകുന്നതെന്ന് എഴുത്തുകാരൻ സേതു.
കൾചറൽ കോൺഗ്രസിൽ തന്റെ പുതിയ കൃതിയായ ‘അന്തക വള്ളികൾ’ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപനിഷത്തുകളെന്ന ദാർശനിക മാർഗദർശനത്തിലൂടെയാണ് തന്റെ ഇടതുപക്ഷ ചിന്ത രൂപപ്പെട്ടതെന്ന് ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയെക്കുറിച്ച് സി.
രാധാകൃഷ്ണൻ പറഞ്ഞു. നോവലിനെ ജനാധിപത്യപരമായ സാഹിത്യരൂപമായാണ് കാണുന്നതെന്ന് അശോകൻ ചരുവിൽ പറഞ്ഞു. മുതിർന്നവർ വർത്തമാന കാലത്തേക്കാൾ ഭൂതകാലത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ‘നയമ്പ്’ എന്ന തന്റെ കഥ പരിചയപ്പെടുത്തി ജോസ് പനച്ചിപ്പുറം പറഞ്ഞു. ജാപ്പനീസ് സാഹിത്യത്തെക്കുറിച്ച് സംസാരിച്ച കെ.
അശോക് കുമാർ, നൊബേൽ സമ്മാന ജേതാവായ യസുനരി കാവാബത്തയുടെ കൃതികൾ പരിചയപ്പെടുത്തി. ദൈവസൃഷ്ടിക്കപ്പുറം മനുഷ്യൻ സ്വന്തമായി ലോകങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എഴുത്തുകാരൻ വിനു ഏബ്രഹാം അഭിപ്രായപ്പെട്ടു.
ശ്രീജിത്ത് പെരുന്തച്ചൻ ‘എന്ന് സ്വന്തം തിത്തിമിക്കുട്ടി’ എന്ന കൃതി വിശദീകരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ കച്ചവട മുതലാളിത്തം സൃഷ്ടിക്കുന്ന വയലൻസാണ് ‘ഫ്രാൻസിസ് ഇട്ടിക്കോര’, ‘കോര പാപ്പന് സ്തുതിയായിരിക്കട്ടെ’ എന്നീ കൃതികളുടെ ഇതിവൃത്തമെന്ന് ടി.
ഡി. രാമകൃഷ്ണൻ പറഞ്ഞു.
നടനും നിർമാതാവുമായ പ്രേം പ്രകാശ്, ത്രിപുരയിൽ നിന്നുള്ള കലാകാരൻ ബിബു ഭട്ടാചാര്യ, കവി അബ്ദു റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.
പി. അജിത് കുമാർ മോഡറേറ്ററായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

