സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ടി.വീണയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായ മൊഴിയെടുത്തു. ലഭ്യമായ തെളിവുകളുടെയും നേരത്തെ ശേഖരിച്ച മൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ 172 ചോദ്യങ്ങളാണ് അന്വേഷണ സംഘം വീണയ്ക്ക് മുന്നിൽ വെച്ചത്.
ആദായനികുതി വകുപ്പും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) സമർപ്പിച്ച റിപ്പോർട്ടുകളിലെ കണ്ടെത്തലുകളാണ് ചോദ്യം ചെയ്യലിന് ആധാരമായത്. 2017–2021 കാലയളവിൽ ഇരു കമ്പനികളും തമ്മിൽ നടന്ന 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുകളിലായിരുന്നു ഇ.ഡിയുടെ പ്രധാന ശ്രദ്ധ.
എന്നാൽ, ഈ ഇടപാടുകളുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്ക് തനിക്ക് കൃത്യമായ അറിവില്ലെന്ന മറുപടിയാണ് ടി.വീണ നൽകിയത്.
എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസി സേവനങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം ബെംഗളൂരു ഓഫീസിലാണുള്ളതെന്നും, പഴയ കാര്യങ്ങളിൽ പലതും ഓർമ്മയിലില്ലെന്നും അവർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
വീണയുടെ ഈ നിലപാട് കേസിൽ പുതിയൊരു തലമാണ് തുറന്നിരിക്കുന്നത്. ഇടപാടുകളെക്കുറിച്ച് അറിവില്ലെന്ന് വീണ മറുപടി നൽകിയതോടെ, കൃത്യമായ വിവരങ്ങൾ ആർക്കാണ് ലഭ്യമായതെന്ന് കണ്ടെത്തേണ്ട
ഉത്തരവാദിത്തം ഇപ്പോൾ ഇ.ഡി ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികൾ വീണ്ടും പരിശോധിക്കാൻ അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു.
പ്രത്യേകിച്ച്, സിഎംആർഎൽ ഉടമ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്.കർത്ത, മകൾ ഷിബി എസ്.കർത്ത എന്നിവരുടെ മൊഴികൾ കേസിൽ നിർണ്ണായകമാകുമെന്നാണ് സൂചന. എസ്എഫ്ഐഒ നേരത്തെ ബെംഗളൂരു ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം, ടി.വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

