ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്ന ഇന്ധനക്ഷാമത്തിന് അയവുവരുന്നു. മാസങ്ങളായി തടസ്സപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്ക് വഴി 1.2 കോടി ബാരൽ ക്രൂഡോയിൽ വിപണിയിലെത്തിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അറിയിച്ചു.
ഇറാൻ തീരങ്ങളിൽ യുഎസ് സേന ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കിയതിന് പിന്നാലെയാണ് ചരക്ക് നീക്കം സുഗമമായത്. എന്നാൽ എണ്ണ വിപണിയിൽ വലിയ വിലക്കുറവ് പ്രതിഫലിച്ചിട്ടില്ല.
യുഎസ്-ഇറാൻ സമാധാന കരാറിന്റെ തുടർനടപടികളും ഫെഡ് റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നിലപാടുമാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. നിലവിൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെയാണ് തുടരുന്നത്.
ഇറാനുമായുള്ള സമാധാന കരാറിനെ ചരിത്രപരമായ വിജയമായാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. “ഇറാൻ തന്റെ മുന്നിൽ കീഴടങ്ങി.
എന്റെ അധികാരങ്ങൾക്ക് ഒരു പരിധിയുമില്ല. ഇറാനുമായുള്ള യുദ്ധം ലോക സാമ്പത്തിക മേഖലയെ ബാധിക്കുന്ന ദുരന്തമായി മാറാതിരിക്കാനുള്ള മുൻകരുതലോടെയാണ് താൻ നീങ്ങിയത്.
ഇറാനെ സൈനികമായും അല്ലാതെയും തകർത്തു. ഇപ്പോഴത്തെ ധാരണ പത്രം പോലും ഇറാന്റെ കീഴടങ്ങലാണ്.
ലോകത്തിലെ മറ്റൊരു സൈന്യത്തിനും കഴിയാത്തതാണ് അമേരിക്കൻ സൈന്യം ഇറാനിൽ തെളിയിച്ചത്” എന്ന് അദ്ദേഹം വ്യക്തമാക്കി. വിപണിയിലെ ചലനങ്ങൾ
തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണി മികച്ച നേട്ടം രേഖപ്പെടുത്തി.
സെൻസെക്സ് 254 പോയിന്റ് ഉയർന്ന് 77,410ലും, നിഫ്റ്റി 0.34 ശതമാനം നേട്ടത്തോടെ 24,168ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 477.69 ലക്ഷം കോടി രൂപയായി വർധിച്ചു.
ബാങ്കിങ്, ഹെൽത്ത്കെയർ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, പലിശ നിരക്ക് വർധനയുണ്ടാകുമെന്ന സൂചന ഐടി ഓഹരികളെ ബാധിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗവും, റിലയൻസ് ജിയോ പ്ലാറ്റ്ഫോമ്സിന്റെ ഐപിഒ സംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
അതേസമയം, ആഗോളതലത്തിൽ സ്വർണവിലയിൽ വലിയ ഇടിവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4184 ഡോളറിലേക്കും വെള്ളിവില 65 ഡോളറിലേക്കും താഴ്ന്നു.
കേരളത്തിലെ വിപണിയിലും സ്വർണവിലയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. (Disclaimer: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം മുതലായവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല.
നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തം നിലയിൽ പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

