അരൂർ∙ അന്ധകാരനഴിമുഖത്ത് മണൽത്തിട്ടകൾ രൂപപ്പെട്ടതുമൂലം വള്ളങ്ങൾ കടലിലിറക്കാൻ ബുദ്ധിമുട്ടുന്നതായി മത്സ്യത്തൊഴിലാളികൾ. മാസങ്ങളായി മണൽത്തിട്ട രൂപപ്പെടുന്നതുമൂലം അഴിമുഖത്തിന്റെ ഏറിയ ഭാഗവും മണ്ണു വന്നു അടിയുകയാണ്.
ഏതു കാലാവസ്ഥയിലും അഴിമുഖം തുറന്നു കിടന്നാൽ മാത്രമേ വള്ളങ്ങൾക്കു കടലിൽ ഇറക്കുവാനോ സുരക്ഷിതമായി കയറ്റിയിടാനോ കഴിയുകയുള്ളു. ഇതിനായി അഴിമുഖത്ത് പുലിമുട്ടു നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.
അഴിമുഖത്ത് പുലിമുട്ടു നിർമിക്കണമെന്നു വർഷങ്ങൾക്കു മുൻപേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഒന്നര വർഷം മുൻപ് പുലിമുട്ടിനായി സംസ്ഥാന സർക്കാർ 9 കോടി രൂപ അനുവദിച്ചത്. എന്നാൽ ഇതിന്റെ പ്രാരംഭ നടപടികൾ പോലും നടന്നിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മത്സ്യബന്ധനത്തിനു ശേഷം വള്ളങ്ങൾ ഇവിടെ സുരക്ഷിതമായി കയറ്റിയിട്ടിരുന്നു. എന്നാൽ ഇപ്പോൾ തുടർച്ചയായി മണ്ണടിയുന്നതു മൂലം വള്ളങ്ങൾ മണ്ണിൽ ഇറക്കുകയാണ്.
വള്ളങ്ങൾ കയറ്റിയിടാൻ കഴിയാത്തതുമൂലം ചെല്ലാനം ഹാർബറിലും കൊച്ചിയിലുമാണ് തൊഴിലാളികൾ വള്ളങ്ങൾ ഇടുന്നത്.
അന്ധകാരനഴി മുതൽ പള്ളിത്തോട് വരെ പുലിമുട്ടു ഉൾപ്പെടെയുള്ള കടൽഭിത്തി നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അന്ധകാരനഴിമുഖത്തും സമീപപ്രദേശങ്ങളിലും പുലിമുട്ടോടുകൂടിയുള്ള കടൽഭിത്തി പദ്ധതി നടപ്പിലായാൽ മാത്രമേ അഴിമുഖത്ത് വള്ളങ്ങൾ കയറ്റാനും തീരം പൂർണമായും സംരക്ഷിക്കാനും കഴിയൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

