കാക്കനാട് ചിറ്റേത്തുകരയിലെ ജില്ലാ ജയിലിൽ ഗുരുതരമായ ജലക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ജലവിതരണ തടസ്സം മൂലം നിത്യേന കുളിച്ചു വൃത്തിയായിരുന്ന തടവുകാർ ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് കുളിക്കുന്നത്.
കഴിഞ്ഞയാഴ്ച തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടിയതുണ്ടായ സംഭവമാണ് ജയിലിലെ ജലക്ഷാമം ഇത്രത്തോളം രൂക്ഷമാക്കിയത്. ജയിലിൽ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്.
ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം നിലച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. നിലവിലെ സാഹചര്യത്തിൽ ഇടവിട്ട
ദിവസങ്ങളിൽ മാത്രം കുളിക്കാനാണ് തടവുകാർക്ക് നൽകിയിരിക്കുന്ന നിർദേശം. കുടിക്കുന്നതിനും പാചകം ചെയ്യുന്നതിനും ഉപയോഗിച്ച ശേഷം മിച്ചം വരുന്ന വെള്ളമാണ് മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത്.
ഇത് തടവുകാരുടെ ദിനചര്യകളെ സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി മൂന്ന് ദിവസം കൂടുമ്പോഴാണ് ജല അതോറിറ്റി പൈപ്പ് വഴി ജയിലിലേക്ക് വെള്ളം നൽകിയിരുന്നത്.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് ദിവസങ്ങളായി ജലം ലഭിക്കാത്ത അവസ്ഥയാണ്. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന തുക നൽകിയാണ് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചത്.
ആവശ്യഘട്ടങ്ങളിൽ തൃക്കാക്കര നഗരസഭ സൗജന്യമായി ടാങ്കർ ലോറി വെള്ളം എത്തിച്ചു നൽകാറുണ്ടെങ്കിലും, പൈപ്പ് പൊട്ടിയത് നഗരപ്രദേശത്തെയാകെ ശുദ്ധജല വിതരണത്തെ ബാധിച്ചതിനാൽ നഗരസഭയുടെ ടാങ്കറുകൾ കടുത്ത തിരക്കിലാണ്. ഇതുമൂലം വലിയ വില നൽകിയാണ് ജയിൽ അധികൃതർ പുറത്തുനിന്ന് വെള്ളം തരപ്പെടുത്തുന്നത്.
ടാങ്കർ ലോറി ജീവനക്കാരുടെ തിരക്ക് കാരണം ഏറെ പ്രയാസപ്പെട്ടാണ് ദിവസവും ഒന്നോ രണ്ടോ ലോഡ് വെള്ളം ജയിലിലേക്ക് എത്തിക്കുന്നത്. നിലവിൽ ജില്ലാ ജയിലിൽ പതിവിലും അധികം തടവുകാരുണ്ട്.
വെറും 87 പേരെ താമസിപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇന്നലത്തെ കണക്കുപ്രകാരം 216 തടവുകാരാണ് കഴിയുന്നത്. അതേസമയം, ജലക്ഷാമം പരിഹരിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
പത്ത ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതും വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നതുമായ ഭൂതലസംഭരണി ഇതിനോടകം നവീകരിച്ചിട്ടുണ്ട്. കൂടാതെ ജല അതോറിറ്റിയുടെ പുതിയൊരു വാട്ടർ കണക്ഷൻ കൂടി എടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

