ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ അക്രമണത്തിലും കവർച്ചയിലും വഴിതിരിവ്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് യാത്ര തിരിക്കാൻ **ഞായറാഴ്ച പുലർച്ചെ 3.30ന്** ആലുവയിൽ ട്രെയിൻ കയറാനെത്തിയ കോടനാട് കുറിച്ചിലക്കോട് മനയമ്പിള്ളി ജോഫിൻ ജിജു (28) ആണ് ആക്രമണത്തിനിരയായത്.
അക്രമണത്തിൽ മർദനമേറ്റ് കാനയിലേക്കു വീണ ഇദ്ദേഹത്തിന്റെ 3 വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജോഫിൻ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേയ്ക്കാട് മാളിയേക്കൽ ജോബി (44) എന്നിവരാണ് പിടിയിലായത്.
പ്രതികളായ സനൽ ചന്ദ്രനും സജാദ് ഷാജഹാനും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ആറു വീതം കേസുകളിൽ പ്രതികളാണ്. കവർച്ചാ സംഘം വിറ്റ സ്വർണ്ണമാലയെന്ന് കരുതി വാങ്ങിയ മേയ്ക്കാട് സ്വദേശി ജോബി കബളിപ്പിക്കപ്പെടുകയും കേസിൽ പ്രതിയാവുകയും ചെയ്യുകയായിരുന്നു.
ജോബിയുടെ പക്കൽ നിന്ന് ഈ മാല പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ ട്രാൻസ്ജെൻഡർമാരും പ്രതികളായേക്കുമെന്ന സൂചന നൽകിയ പൊലീസ് ഇതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ റൂറൽ എസ്പി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നൂറോളം കുറ്റവാളികളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തുമാണ് അന്വേഷണം പുരോഗമിച്ചത്.
മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. രാത്രികാല ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ള നൂറിലധികം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
തീവ്രപരിചരണ വിഭാഗത്തിലുള്ള ജോഫിന്റെ പ്രാഥമിക മൊഴിയെടുപ്പ് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഫോട്ടോകൾ കാണിച്ച് നടത്തിയ തിരിച്ചറിയൽ പരേഡിൽ സംശയാസ്പദമായ ചില സൂചനകൾ ലഭിച്ചെങ്കിലും, മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയാണ് അന്വേഷണ സംഘത്തെ യഥാർത്ഥ പ്രതികളിലേക്ക് എത്തിച്ചത്.
പ്രതികളെ പിടികൂടാൻ എംഎൽഎ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. പ്രതികളെ പിടികൂടിയതിന് പിന്നാലെ പൊലീസിനെ അഭിനന്ദിച്ച് രംഗത്തുവരുകയും ചെയ്തു.
കവർച്ചയ്ക്കുശേഷം കൊല്ലൂരിലേക്ക് കടന്ന സനൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ചിരുന്നു. ഇയാളുടെ പക്കൽ നിന്ന് സർജിക്കൽ ബ്ലേഡ് അടക്കമുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഡിവൈഎസ്പി ബൈജു പൗലോസ്, ഇൻസ്പെക്ടർ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

