കൊച്ചി∙ തർക്കവിതർക്കങ്ങൾ കൊണ്ടു ചൂടുപിടിക്കാറുള്ള നടുത്തളത്തിൽ ഇന്നലെ പിറന്നതു സൗഹൃദ സെൽഫികൾ. കഴിഞ്ഞ അഞ്ചാണ്ടു കാലം രാഷ്ട്രീയം രാകി മുന കൂർപ്പിച്ച വാക്ശരങ്ങൾ കൊണ്ടു മുറിവേൽപിച്ചവരും മുറിവേറ്റവരും പരസ്പരം കൈകൊടുത്തു, ആലിംഗനം ചെയ്തു. സംവാദങ്ങളൊന്നും വ്യക്തിപരമായിരുന്നില്ല എന്നും സൗഹൃദം തുടരണമെന്നും അന്യോന്യം ഓർമിപ്പിച്ചു.
കൗൺസിലിൽത്തന്നെ വീണ്ടും കാണാമെന്നു ചിലർ. തിരഞ്ഞെടുപ്പു മത്സരത്തിന് ഇനിയില്ലെന്നുറപ്പിച്ച മറ്റു ചിലരാകട്ടെ പങ്കുവച്ചതു വിടവാങ്ങലിന്റെ വേദന.
കൊച്ചി കോർപറേഷൻ കൗൺസിലിന്റെ യാത്രയയപ്പു യോഗമാണു പതിവിനു വിപരീതമായി ഇഴയടുപ്പമുള്ള സൗഹൃങ്ങളുടെ വേദിയായത്.
മേയർക്കും സഹ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും എല്ലാവരും നന്ദി പറഞ്ഞു. എൽഡിഎഫ്- യുഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളിലൂടെ സംഘർഷഭരിതമായ മുൻ കൗൺസിൽ യോഗങ്ങൾ അംഗങ്ങളിൽ പലരും ഓർത്തെടുത്തു. ബ്രഹ്മപുരം തീപിടിത്തം, മാലിന്യപ്രശ്നം, തെരുവുനായ ആക്രമണം, റോ- റോ വെസൽ, നഗരത്തിലെ വെള്ളക്കെട്ട് തുടങ്ങിയ വലിയ സംവാദങ്ങൾക്കു വഴിമരുന്നിട്ട
വിഷയങ്ങൾ പലരും ഓർത്തെടുത്തു. കൗൺസിലിലെ സംഘർഷത്തെ തുടർന്നുള്ള കേസുകളും വ്യക്തിപരമായി ആക്രമിച്ചതിലെ വേദനകളും പങ്കുവച്ചവരും ഏറെ.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി മേയർ എം.
അനിൽകുമാർ സ്വീകരിച്ച നിലപാടുകളും ഭരണ– പ്രതിപക്ഷ ഭേദമില്ലാതെ അദ്ദേഹം നൽകിയ സഹകരണവും യാത്രയയപ്പു യോഗത്തിൽ സംസാരിച്ച മിക്ക കൗൺസിലർമാരും പങ്കുവച്ചു.പ്രതിസന്ധികളെ അവസരമാക്കി മുന്നേറിയ മേയറാണ് അനിൽകുമാറെന്നു ഷീബാ ലാൽ, സുധ ദിലീപ്കുമാർ തുടങ്ങിയവർ പറഞ്ഞു. മേയറെ എംഎൽഎയും മന്ത്രിയും ഒക്കെയായി കാണാൻ കഴിയുമെന്നു കരുതുന്നതായി ലൈലാ ദാസ് പറഞ്ഞു.
എല്ലാവരെയും ചേർത്തുപിടിച്ചാണു മേയർ മുന്നോട്ടുപോയതെന്നു സക്കീർ തമ്മനം പറഞ്ഞു.
ചില കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിലും നല്ല ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ചൂണ്ടിക്കാട്ടി. കൗൺസിലറായിരുന്നപ്പോഴുള്ള അനിൽകുമാറിനെയല്ല, മേയറായപ്പോൾ കണ്ടതെന്നും എല്ലാവരെയും ശാന്തനാക്കി നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും എം.ജി.
അരിസ്റ്റോട്ടിൽ പറഞ്ഞു. കൗൺസിലർമാർക്കു പഠിക്കാനും തിരുത്താനും ഏറെ നൽകിയാണ് അനിൽകുമാർ പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷവും തനിക്കു നിർലോഭം ലഭിച്ച പിന്തുണയ്ക്കു നന്ദി പറഞ്ഞാണ് മേയർ തന്റെ മറുപടി പ്രസംഗം തുടങ്ങിയത്.
‘‘കക്ഷിരാഷ്ട്രീയത്തിന് അതീതമായാണു പ്രവർത്തിച്ചത്.
ശക്തമായ ഇടതു രാഷ്ട്രീയമുള്ളയാളാണു ഞാൻ. കുട്ടിക്കാലത്ത് അച്ഛനിൽനിന്നു പഠിച്ചതു കോൺഗ്രസ് വിരോധമായിരുന്നു.
മുൻവിധികളോടെയുള്ള ആ വിരോധം തെറ്റായിരുന്നുവെന്നു പിന്നെ ബോധ്യപ്പെട്ടു. മേയറെന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ട്.
ആരെയും വേദനിപ്പിച്ചിട്ടില്ല. വിമർശിച്ചവരോടു പ്രതികാരബുദ്ധി കാട്ടിയിട്ടില്ല.
രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേർത്തുപിടിച്ച പഴയ തലമുറയിലെ രാഷ്ട്രീയനേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണു ഭാഗ്യം’’. മേയർ കസേരയിൽ നിന്നിറങ്ങുമ്പോൾ വിഷമമില്ലെന്നും മന്ത്രി സ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോണി ചമ്മിണി, ടി.ജെ. വിനോദ്, ദിനേശ്മണി, സീനുലാൽ, എൻ.വേണുഗോപാൽ, കെ.ബാലചന്ദ്രൻ തുടങ്ങി മുൻ കൗൺസിലുകളിലെ മുതിർന്ന നേതാക്കളെയും അദ്ദേഹം പരാമർശിച്ചു. ഒടുവിൽ മേയറുടെ നേതൃത്വത്തിൽ ഒരുമിച്ചു ചിത്രമെടുത്തും തമാശകൾ പങ്കുവച്ചും സമ്മാനങ്ങൾ കൈമാറിയും എല്ലാവരും പുതിയ നഗരസഭാ മന്ദിരത്തിന്റെ പടികളിറങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

