കൊച്ചി ∙ നഗരത്തിൽ കരാർ പണികൾക്കായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപകമായി തിരുകി കയറ്റുന്നതായി ആക്ഷേപം. മുണ്ടംവേലി, മാനാശേരി, ഐലൻഡ് തുടങ്ങിയ ഡിവിഷനുകളിൽ ഇത്തരത്തിൽ വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള തീയതി ഇന്ന് അവസാനിക്കും.മുണ്ടംവേലി ഈസ്റ്റിലെ ഒരു വീട്ടുനമ്പറിൽ 34 താമസക്കാരെയാണു വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 505 ചതുരശ്രയടി വലിപ്പമുള്ള വീട്ടിലാണ് 34 വോട്ടർമാരുള്ളത്.
ഇതിൽ 3 പേർ മാത്രമാണ് യഥാർഥത്തിൽ ഈ വീട്ടു നമ്പറിലുള്ളത്. അന്വേഷണത്തിൽ ഈ വീട് അടഞ്ഞു കിടക്കുകയാണ്.
ഈ വീട്ടിലെ ഗൃഹനാഥൻ ഉൾപ്പെടെ മാസങ്ങളായി വിദേശത്താണ്.
ബാക്കി 31 പേർ ആരാണെന്നു നാട്ടുകാർക്കു വലിയ പിടിയില്ല. അവർ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരാണെന്നാണു പേരുകളിൽ നിന്നുള്ള സൂചന.
ഇവരെ ബോധപൂർവം ഈ വീട്ടു നമ്പറിൽ തിരുകി കയറ്റിയതാണോ, അതോ അബദ്ധത്തിൽ ഉൾപ്പെട്ടതാണോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകണം.വിവിധ നിർമാണ ജോലികൾക്കു കരാറെടുത്ത കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളെ ഉൾപ്പെടെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നു കോർപറേഷനിലെ പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ഇപ്പോഴും ഇത്തരത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീട് ഗാന്ധിനഗറിൽ വോട്ട് ഗിരിനഗറിൽ
കോർപറേഷനിലെ ഗാന്ധിനഗർ ഡിവിഷനിലെ താമസക്കാരായ 385 പേരുടെ വോട്ടുകൾ ഡിവിഷൻ അതിർത്തി മറികടന്ന് ഗിരിനഗർ ഡിവിഷനിൽ ഉൾപ്പെടുത്തിയതായി പരാതി.
ഗാന്ധിനഗറിലെ പി ആൻഡ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലേതുൾപ്പെടെ വോട്ടുകളാണു ഗിരിനഗറിൽ ഉൾപ്പെടുത്തിയത്. ഇതിൽ പി ആൻഡ് ടി കോളനിയിലെ താമസക്കാരെ മുണ്ടംവേലി ഈസ്റ്റ് ഡിവിഷനിലെ ഫ്ലാറ്റുകളിലേക്കു പുനരധിവസിപ്പിച്ചിരുന്നു.
എന്നാൽ ഇവരിൽ പലരുടെയും വോട്ട് ഇപ്പോഴും ഗാന്ധിനഗർ ഡിവിഷനിൽ തന്നെ തുടരുകയാണ്. ഇവരിൽ 80 പേരുടെ വോട്ടാണെങ്കിൽ തൊട്ടടുത്ത ഡിവിഷനായ ഗിരിനഗറിലും.ഗാന്ധിനഗർ ഡിവിഷനിലെ താമസക്കാരായവരുടെ വോട്ടുകൾ ഗിരിനഗർ ഡിവിഷനിൽ ഉൾപ്പെടുത്തിയതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നു ഡിസിസി സെക്രട്ടറി പി.ഡി.
മാർട്ടിൻ പറഞ്ഞു. പരാതിയിൽ ഇന്നു ഹിയറിങ് നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

