മൂവാറ്റുപുഴ∙ നഗരത്തിലെ റോട്ടറി റോഡ് നവീകരണത്തിന്റെ പേരിൽ മാർക്കറ്റ് ബസ് സ്റ്റാൻഡിൽ തള്ളിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിനാൽ ബസുകളുടെയും ലോറികളുടെയും അനധികൃത പാർക്കിങ് ദുരിതം സൃഷ്ടിക്കുന്നു. സ്റ്റാൻഡിൽ ബസുകൾക്ക് കയറാൻ കഴിയാത്ത സാഹചര്യമായതിനാൽ തിരക്കേറിയ റോഡരികുകൾ ബസ് സ്റ്റാൻഡുകളും ലോറി പാർക്കിങ് കേന്ദ്രങ്ങളുമായി മാറി.
റോട്ടറി റോഡ് നവീകരണത്തിന്റെ ഭാഗമായി എടുത്ത മണ്ണാണ് ഒരു മാസം മുൻപ് സ്റ്റാൻഡിനുള്ളിൽ കൂട്ടിയിട്ടത്.
മണ്ണ് നീക്കം ചെയ്യാൻ മറ്റു സ്ഥലങ്ങൾ നഗരസഭ നിർദേശിച്ചിരുന്നെങ്കിലും, ദൂരക്കൂടുതലും ചെലവും ഒഴിവാക്കാൻ കരാറുകാരൻ സ്വന്തം സൗകര്യാർഥം സ്റ്റാൻഡിനെ ഡംപിങ് യാർഡ് ആക്കി മാറ്റുകയായിരുന്നു. റോഡ് പണി പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടും സ്റ്റാൻഡിലെ മണ്ണു മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
സ്റ്റാൻഡ് അടഞ്ഞതോടെ ബസുകൾ എവറസ്റ്റ് കവലയിലെ വണ്ടിപ്പേട്ടയിലേക്കും ഇഇസി മാർക്കറ്റ് റോഡിലേക്കും മാറി. ഇതോടെ അവിടെ പാർക്ക് ചെയ്യേണ്ട
അന്തർ സംസ്ഥാന ലോറികൾ റോഡരികിൽ അശാസ്ത്രീയമായി പാർക്ക് ചെയ്യാനും തുടങ്ങി.
ഇഇസി മാർക്കറ്റ് റോഡിലും ഇടറോഡുകളിലും വലിയ ലോറികൾ പാർക്ക് ചെയ്യുന്നത് മൂലം മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. സ്റ്റാൻഡിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണും പൊടിയും വ്യാപാരികൾക്കും യാത്രക്കാർക്കും ശ്വാസതടസ്സം സൃഷ്ടിക്കുന്നു.റോഡ് നിർമാണം പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ണ് മാറ്റാൻ കരാറുകാരനോ നഗരസഭയോ തയാറാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അടിയന്തരമായി സ്റ്റാൻഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

