കൊച്ചി ∙ രാവിലെ എസ്ആർവി ഹൈസ്കൂളിലെ പരീക്ഷാഹാളിൽ കയറാനൊരുങ്ങുമ്പോൾ വല്ലാത്ത പരിഭ്രമത്തിലായിരുന്നു സനീറ. എല്ലാം പഠിച്ചതാണെങ്കിലും പരീക്ഷയെഴുതുന്ന കാര്യമോർത്തപ്പോൾ പേടി.
ക്ലാസിൽ കയറാതെ നേരെ ഓടിച്ചെന്നതു പുറത്തു കാത്തുനിൽക്കുന്ന അധ്യാപിക പ്രീതിയുടെ അടുത്തേക്ക്, സംസാരിച്ചു തുടങ്ങിയപ്പോൾ കണ്ണീർപ്രവാഹം. കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് ‘ധൈര്യമായി എഴുതിക്കോ, ജയിച്ചിരിക്കു’മെന്ന ഉറപ്പും നൽകിയാണ് ടീച്ചർ സനീറയെ പരീക്ഷാമുറിയിലേക്കു തിരിച്ചയച്ചത്.
ഇന്നലെ ആരംഭിച്ച പത്താംക്ലാസ് തുല്യതാ പരീക്ഷയ്ക്കെത്തിയ ‘മുതിർന്ന’ വിദ്യാർഥികളാണ് ആദ്യ പരീക്ഷാദിനം ‘ടെൻഷൻ’ നിറഞ്ഞ രംഗമാക്കിയത്. ഇത്തരം രംഗങ്ങൾ കണ്ടും അനുഭവിച്ചും ശീലമായതിൽ അധ്യാപികമാരായ പ്രീതിയും ലാലിയും വിദ്യാർഥികളെ കരുതലോടെ കൈകാര്യം ചെയ്തു.
ആൺ–പെൺ വ്യത്യാസമില്ലാതെ അധ്യാപികയുടെ കാൽ തൊട്ട് വന്ദിച്ചാണ് പലരും പരീക്ഷാഹാളിൽ കയറിയത്.
20 വർഷമായി തുല്യതാ പരീക്ഷയെഴുതുന്നവർക്കു പരിശീലനം നൽകുകയാണ് പള്ളുരുത്തി സ്വദേശിയായ കെ.എച്ച്. പ്രീതി.
മുൻ കൗൺസിലർ കൂടിയായ പ്രീതിയുടെ 102 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ‘‘18 മുതൽ 67 വയസ്സുവരെയുള്ളവരാണ് എന്റെ വിദ്യാർഥികൾ.
ജീവിതപ്രാരാബ്ധത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയാണ് പലർക്കും ഈ പരീക്ഷ.
ഞായറാഴ്ചകളിലാണ് ക്ലാസ്. എല്ലാം നന്നായി പഠിക്കുമെങ്കിലും ഓർമ നിൽക്കുന്നില്ലെന്ന പേടിയാണ് ചിലർക്ക്.
പരീക്ഷയോടെ ക്ലാസുകൾ അവസാനിച്ചതിന്റെ സങ്കടമാണ് എല്ലാവർക്കും’’, പ്രീതി പറഞ്ഞു. രാവിലെ മലയാളവും ഉച്ചയ്ക്കു ഹിന്ദിയും പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോൾ ചിലർക്ക് ആത്മവിശ്വാസമായി, ഹിന്ദി വലച്ചെന്ന് മറ്റു ചിലരും പറഞ്ഞു.
ഇന്ന് ഇംഗ്ലിഷ്, കെമിസ്ട്രി പരീക്ഷകൾ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

