കൊച്ചി ∙ ഓൺലൈനായി ഓർഡർ ചെയ്താൽ ട്രെയിനിൽ ഇനി ‘സമൃദ്ധി @ കൊച്ചി’യിൽ നിന്നുള്ള ഭക്ഷണവും കഴിക്കാം. നാലാം വാർഷിക ദിനമായ നാളെ ‘സമൃദ്ധി @ കൊച്ചി’ ഐആർസിടിസിയുടെ ഇ – കേറ്ററിങ്ങിലും ഇടംപിടിക്കും.
നിലവിൽ പാൻട്രി സംവിധാനമില്ലാത്ത ചില ട്രെയിനുകളിൽ സമൃദ്ധിയുടെ ഭക്ഷണം നൽകുന്നുണ്ട്. ഇതിനു പുറമേയാണ് എറണാകുളം വഴി കടന്നു പോകുന്ന ട്രെയിനുകളിലെ ഇ– കേറ്ററിങ് രംഗത്തേക്കും സമൃദ്ധി പ്രവേശിക്കുന്നത്.
ആദ്യ ഘട്ടത്തിൽ എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനുകളിലൂടെ കടന്നു പോകുന്ന ട്രെയിനുകളിലായിരിക്കും ഓൺലൈനായി സമൃദ്ധിയുടെ ഭക്ഷണം ലഭ്യമാകുക.
രണ്ടാം ഘട്ടത്തിൽ എറണാകുളം ജംക്ഷൻ (സൗത്ത്) സ്റ്റേഷനിലേക്കും സേവനം വ്യാപിപ്പിക്കും. നിലവിൽ സ്വിഗ്ഗി, സൊമാറ്റൊ, ഡോമിനോസ് പീത്സ, റെയിൽ റോൾസ്, വെജ് ഭവൻ, ട്രാവൻകൂർ ഫുഡ്സ് തുടങ്ങിയ സ്ഥാപനങ്ങളാണു എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിലായി ഐആർസിടിസി ഇ– കേറ്ററിങ്ങിൽ ഉൾപ്പെട്ടിട്ടുള്ളത്.ജനശതാബ്ദി, ഇന്റർസിറ്റി, പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ നിലവിൽ സമൃദ്ധിയിൽ നിന്നുള്ള ഭക്ഷണം നൽകുന്നുണ്ട്.
ഈ ട്രെയിനുകളിൽ ഭക്ഷണ വിതരണ ചുമതലയുള്ളവർക്കു സമൃദ്ധി ഭക്ഷണം എത്തിച്ചു കൊടുക്കുകയാണു ചെയ്യുന്നത്. നേരിട്ടു യാത്രക്കാർക്കു വിതരണം ചെയ്യുന്നില്ല.
എന്നാൽ ഐആർസിടിസി ഇ– കേറ്ററിങ്ങിൽ ഇടംപിടിക്കുന്നതോടെ യാത്രക്കാർക്കു സമൃദ്ധിയിൽ നിന്നു നേരിട്ട് ഓർഡർ ചെയ്യാം. ഭക്ഷണം സീറ്റിൽ എത്തിച്ചു നൽകും.
സമൃദ്ധി @ 4; വിളമ്പിയത് 31 ലക്ഷം ഊണ്
2021 ഒക്ടോബറിൽ എറണാകുളം നോർത്തിൽ പ്രവർത്തനം തുടങ്ങിയ ‘സമൃദ്ധി @ കൊച്ചി’യ്ക്കു രുചി വൈവിധ്യത്തിന്റെ നാലാം വാർഷികം.
ഇതുവരെ നൽകിയത് 31 ലക്ഷം ഊണ്. 14 പേരുമായി പ്രവർത്തനം തുടങ്ങിയ സമൃദ്ധിയിൽ ഇന്ന് 206 ജീവനക്കാർ ജോലി ചെയ്യുന്നു.കടവന്ത്ര ജിസിഡിഎ കന്റീന്റെയും കൊച്ചിൻ ഷിപ്യാഡ് കന്റീന്റെയും പ്രവർത്തനം ഏറ്റെടുത്തു കൂടുതൽ മേഖലകളിലേക്കു സമൃദ്ധി വ്യാപിച്ചു.
കിച്ചൻ ടിക്കറ്റ് ഓർഡറിങ്, സെൽഫ് ബില്ലിങ് തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തി.നാലാം വാർഷികാഘോഷം നാളെ വൈകിട്ട് 5നു നഗര വികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോ.
എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]