മൂവാറ്റുപുഴ ∙ കത്തുന്ന വേനലിൽ പുഴ വറ്റിയാലും തങ്ങളുടെ വീടുകളിൽ വെള്ളം എത്തുമെന്ന് ഈ നാട്ടുകാർ ഉറപ്പിച്ചു പറയും. കാളിയാർ പുഴയിലെ ജലനിരപ്പ് താഴ്ന്ന് ശുദ്ധജലക്ഷാമം രൂക്ഷമായതോടെ, പുഴയുടെ നടുവിൽ ബോട്ടു കെട്ടി നിർത്തി അതിൽ മോട്ടർ സ്ഥാപിച്ച് നൂതനമായ ജലവിതരണ സംവിധാനം ഒരുക്കിയിരിക്കുകയാണ് കിഴക്കേക്കരയിലെ നാട്ടുകാരുടെ കൂട്ടായ്മ.
നഗരസഭയുടെ 13, 14 വാർഡുകളിലെ 280 കുടുംബങ്ങളാണ് ഈ ജനകീയ കൂട്ടായ്മയുടെ കരുത്തിൽ ദാഹമകറ്റുന്നത്.
പുഴയോരത്തെ കിണറുകളിൽ വെള്ളം വറ്റിയതോടെയാണ് നാട്ടുകാർ ബദൽ മാർഗത്തെക്കുറിച്ച് ചിന്തിച്ചത്. ഇതിനായി ഒരു സെക്കൻഡ് ഹാൻഡ് ഫൈബർ ബോട്ട് വാങ്ങി കാനം കവലയ്ക്ക് സമീപം പുഴയുടെ മധ്യഭാഗത്ത് നിലയുറപ്പിച്ചു.
പുഴയുടെ നടുവിലെ തെളിഞ്ഞ വെള്ളം 15 എച്ച്പിയുടെ മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് പുഴയോരത്തെ കിണറിലെത്തിക്കും. അവിടെ നിന്നും വെള്ളം ശുദ്ധീകരിച്ച ശേഷമാണ് ഓരോ വീടുകളിലേക്കും എത്തിക്കുന്നത്.
മുൻ കൗൺസിലർ അജി മുണ്ടാട്ടിന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തിക്കുന്നത്.
ഗുണഭോക്താക്കളിൽ നിന്ന് മാസം തോറും നിശ്ചിത തുക സമാഹരിച്ചാണു വൈദ്യുതി ബില്ലും അറ്റകുറ്റപ്പണികളും നടത്തുന്നത്. നിലവിൽ ഏകദേശം 3500 രൂപയോളമാണ് പ്രതിമാസ വൈദ്യുതി ചെലവ്.
തുടക്കം മുതൽ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതിനാൽ, നാട് കടുത്ത വരൾച്ച നേരിടുമ്പോഴും ഈ 280 കുടുംബങ്ങൾ സുരക്ഷിതരാണ്. സർക്കാർ സംവിധാനങ്ങൾക്കായി കാത്തുനിൽക്കാതെ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്നു തെളിയിക്കുകയാണ് ഇവിടത്തുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

