തൊഴിലിടങ്ങളിലേക്ക് ‘ജെൻ സി’ തലമുറ കടന്നുവന്നതോടെ പുതിയ മാറ്റങ്ങളാണ് കോർപ്പറേറ്റ് ലോകത്തുണ്ടാകുന്നത്. തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും യാതൊരു സങ്കോചവുമില്ലാതെ തുറന്നുപറയാൻ ഇവർ മടിക്കാറില്ല.
അത്തരത്തിലുള്ള ഒരു അനുഭവമാണ് നോയിഡയിലെ ഒരു കമ്പനി സ്ഥാപകൻ ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്റർവ്യൂവിനിടയിൽ ഉച്ചകഴിഞ്ഞ് 30 മിനിറ്റ് ഉറങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട
ഒരു യുവാവിനെക്കുറിച്ചാണ് ഫൗണ്ടറായ നിതിൻ വർമ്മ ലിങ്ക്ഡ്ഇനിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തമാശയായിട്ടോ ഭയന്നുകൊണ്ടോ അല്ല, ശമ്പളം ചോദിക്കുന്നത് പോലെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുവാവ് ഈ ആവശ്യം ഉന്നയിച്ചതെന്ന് നിതിൻ വർമ്മ വ്യക്തമാക്കുന്നു.
തുടക്കത്തിൽ ഇന്റർവ്യൂ അവസാനിപ്പിക്കാൻ തോന്നിയെങ്കിലും, അദ്ദേഹം ചിരിച്ചുകൊണ്ട് വിഷയം മാറ്റുകയായിരുന്നു. എന്നാൽ, ഈ സംഭവം തന്നെ ഏറെ ചിന്തിപ്പിച്ചതായി അദ്ദേഹം പറയുന്നു.
ഉച്ചയ്ക്കുള്ള ചെറിയ ഉറക്കം ഏകാഗ്രതയും ഊർജ്ജവും വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണെന്നും, പലരും മീറ്റിംഗുകളിൽ ഉറങ്ങിപ്പോകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധമായി ഇക്കാര്യം തുറന്നുപറയാൻ യുവാവ് കാണിച്ച ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
തുടർന്ന് നിതിൻ വർമ്മ യുവാവിനോട് പറഞ്ഞത് ഇതാണ്: ‘നിങ്ങൾ എപ്പോഴാണ് ഉറങ്ങുന്നതെന്ന് എനിക്ക് പ്രശ്നമില്ല, ജോലി നടക്കുന്നുണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. ജോലി ചെയ്ത് തീർക്കണം, അതിന് എത്ര സമയം ഇരുന്നുവെന്ന് ഞാൻ കണക്കുനോക്കില്ല’.
മണിക്കൂറുകൾ ഡെസ്കിൽ വെറുതെ ഇരിക്കുന്നതാണോ യഥാർത്ഥ കഠിനാധ്വാനമെന്ന് ജെൻ സി ചോദ്യം ചെയ്യുകയാണെന്നും, ജോലി കൃത്യമായി ചെയ്തു തീർക്കുക എന്നതിലാണ് കാര്യമെന്നും അദ്ദേഹം കുറിച്ചു. ആ യുവാവിന് ജോലി കൊടുത്തോ എന്ന ചോദ്യത്തിന്, തന്റെ മുൻധാരണകളെ മാറ്റിയെടുത്ത ആ ഉദ്യോഗാർത്ഥിക്ക് ജോലി നൽകിയെന്നാണ് നിതിൻ വർമ്മ മറുപടി നൽകിയത്.
ഉച്ചയുറക്കമല്ല, അത് തുറന്നു ചോദിക്കാനുള്ള ആത്മവിശ്വാസവും ജോലി ചെയ്ത് കാണിക്കാനുള്ള കഴിഴുമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇതുപോലെ ഇന്റർവ്യൂവിനിടെ ശനിയാഴ്ച ജോലി ചെയ്യാനാവില്ല, കാരണം തനിക്ക് ഓഫീസിനു പുറത്തും ഒരു ജീവിതമുണ്ട് എന്ന് തുറന്നു പറഞ്ഞ മറ്റൊരു യുവാവിനെ കുറിച്ച് അഭിഷേക് അഗർവാൾ എന്ന ഫൗണ്ടർ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒടുവിൽ ആ യുവാവിനെ ജോലിക്കെടുത്തുവെന്നും അദ്ദേഹം മികച്ചൊരു ജീവനക്കാരനാണെന്നും അഗർവാൾ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

