കൊച്ചി ∙ ശബരിമല തീർഥാടകർക്കായി കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) ഒരുക്കിയ ഇടത്താവള സൗകര്യം ഉപയോഗപ്പെടുത്തിയത് 11,000ത്തോളം പേർ. ശബരിമല ദർശനത്തിനായി വിമാനമാർഗം കൊച്ചിയിലെത്തിയ തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണ് സിയാൽ പ്രത്യേകം ഒരുക്കിയ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.
കൊച്ചി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സൗകര്യ പ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടത്താവളമൊരുക്കിയത്.
ആഭ്യന്തര ആഗമന ടെർമിനലിന് സമീപമുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് അടുത്ത് 5,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇടത്താവളം സജ്ജീകരിച്ചിരുന്നത്. ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫുഡ് കൗണ്ടർ, പ്രീപെയ്ഡ് ടാക്സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെൽപ് ഡെസ്ക് എന്നിവ ഒരുക്കിയിരുന്നു.
ഇതിന് പുറമേ കുറഞ്ഞ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കുന്ന 0484 എയ്റോ ലോഞ്ച് സംവിധാനവും തീർഥാടകർ വലിയ തോതിൽ ഉപയോഗപ്പെടുത്തി.
ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ദിവസേന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസും പ്രവർത്തിച്ചിരുന്നു. തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് ചാർട്ടേർഡ് ബസ് സർവീസും അനുവദിച്ചിരുന്നു.
ഡിസംബർ മാസത്തിൽ രാജ്യത്താകമാനം വിമാന സർവീസുകൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ സിയാലിലെ ശബരിമല ഇടത്താവളം ഏറെ സഹായകരമായിരുന്നതായി തീർഥാടകർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

