പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ യുഎഇയിലെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍. യുഎഇയിലെ പൊതു സ്കൂളുകളില്‍ കിന്റര്ഗാര്ട്ടന് മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ഹോംവര്‍ക്ക് ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ഉറപ്പാക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. പഠനത്തിന്റെ ഭൂരിഭാഗവും സ്കൂളുകളില്‍ വെച്ച് തന്നെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
പരമ്പരാഗത സൈദ്ധാന്തിക പഠനരീതിയില്‍ നിന്ന് മാറി നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമിരി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ ചാര്‍ട്ടറിന്റെ ഭാഗമായി ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ‘ഫിഫ്റ്റി ഫിഫ്റ്റി’ മൂല്യനിര്‍ണയ സ്കീം നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം മാര്‍ക്ക് കേന്ദ്രീകൃത പരീക്ഷകളിലൂടെയും ബാക്കി 50 ശതമാനം മാര്‍ക്ക് സ്കൂള്‍ തല പരീക്ഷകളിലൂടെയും വിലയിരുത്തും. കൂടാതെ, ക്ലാസ് മുറികളിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
അറബിക്, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ നാല് പ്രധാന വിഷയങ്ങളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് പകരം പുസ്തകങ്ങളും നോട്ട്ബുക്കുകളും ഇനിമുതല്‍ കര്‍ശനമായി ഉപയോഗിക്കണം. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പഠിക്കുന്നവരെ അപേക്ഷിച്ച് പുസ്തകങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

