കോതമംഗലം∙ വൊക്കേഷനൽ സ്കിൽ ഫെസ്റ്റിൽ 41 പോയിന്റുകളുമായി കൈതാരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യൻമാരായി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. ഇരുവരും 30 പോയിന്റ് വീതം നേടിയതോടെ ശാസ്ത്രമേള മാനുവൽ പ്രകാരം രണ്ടും മൂന്നും സ്ഥാനക്കാരെ തീരുമാനിക്കുകയായിരുന്നു.
കോട്ടയം, എറണാകുളം ജില്ലകളിലെ സ്കൂളുകൾ പങ്കെടുത്ത സ്കിൽ ഫെസ്റ്റ് മികവിന്റെ വേദിയായി മാറി.
വൊക്കേഷനൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായ തൊഴിൽ നൈപുണ്യം എടുത്തുകാട്ടുന്നതായിരുന്നു ഓരോ പ്രദർശനവും. ശാസ്ത്രമേളയിൽ പൊതുജനങ്ങൾക്കുകൂടി പ്രവേശനമുള്ള ഏക മേളയെന്ന നിലയിൽ സ്കിൽ ഫെസ്റ്റ് കാണാൻ ഒട്ടേറെപ്പേരാണു കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിലെത്തിയത്.
സ്കിൽ ഇന്നവേഷൻ മത്സരത്തിൽ കൈതാരം ഗവ. വിഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി.
സ്കിൽ സേർവ് പ്രദർശന മത്സരത്തിൽ പൊൻകുന്നം ഗവ. വിഎച്ച്എസ്എസും സ്കിൽ ക്രാഫ്റ്റ് മത്സരത്തിൽ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്സുമാണ് ഒന്നാം സ്ഥാനം നേടിയത്.
ചെളിവെള്ളത്തിൽനിന്ന് തെളിഞ്ഞ വെള്ളം
ഇലക്ട്രോഫോറിസിസ് എന്ന തത്വത്തെ അടിസ്ഥാനമാക്കി ഇലക്ട്രോ കൊയാഗുലേഷൻ എന്ന പ്രക്രിയയിലൂടെ മലിനജലത്തെ തെളിച്ചെടുക്കുന്ന വിദ്യയാണ് പിറവം എംകെഎം എച്ച്എസ്എസിലെ എഡ്വിൻ ഷിജുവും അതുൽ അജിയും സയൻസ് മേളയിലെ എച്ച്എച്ച്എസ് വർക്കിങ് മോഡൽ മത്സരത്തിൽ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയത്.
ഇലക്ട്രോഡുകൾ ഉപയോഗിക്കുന്നതിനാൽ മെറ്റലുകളും ഡൈകളും പോലെയുള്ള ചാർജ് ഉള്ള കണികകളെ വേർതിരിക്കാനും സൂക്ഷ്മജീവികളെ ഇല്ലാതാക്കാനും ഒരുപോലെ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
വൈദ്യുതി നിയന്ത്രിക്കാം,ആപ് വഴി
വീടുകളിൽ വൈദ്യുതോപകരണങ്ങളുടെ നിയന്ത്രണത്തിനു മൊബൈൽ ആപ്ലിക്കേഷൻ സംവിധാനമൊരുക്കി ആലുവ വിദ്യാധിരാജ സ്കൂൾ വിദ്യാർഥികളായ ആദിത്യ അനിലും ആൽവിൻ ഡേവിഡും. ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സയൻസ് മേളയിലാണു ഹോം ഓട്ടമേഷൻ എന്ന പേരിൽ വീട്ടിൽ നടപ്പാക്കാവുന്ന 6 സിസ്റ്റങ്ങൾ ഇവർ അവതരിപ്പിച്ചത്.
വൈദ്യുത വിളക്കുകളും ഫാനുകളും നിയന്ത്രിക്കാം.
വെയിലത്തിട്ട വസ്ത്രങ്ങൾ മഴ നനയാതിരിക്കാനുള്ള ഓട്ടമാറ്റിക് മേൽക്കൂര, സ്റ്റെപ്പ് കയറുന്നതിനനുസരിച്ചു തെളിയുകയും കെടുകയും ചെയ്യുന്ന ലൈറ്റ് സിസ്റ്റം, കുടിവെള്ള ടാങ്കിൽ വെള്ളം നിറയുമ്പോൾ താനെ മോട്ടർ നിൽക്കാനുള്ള സിസ്റ്റം, അടുക്കളയിൽ തീപടരുകയോ ഗ്യാസ് ലീക്കാവുകയോ ചെയ്താൽ അലാം വഴി അറിയിക്കുന്നതിനുള്ള സംവിധാനം എന്നിവയും ഒരുക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

