ചെങ്ങന്നൂർ ∙ ശബരിമലയുടെ കവാടം എന്ന പേര് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു റെയിൽവേ നൽകിയിട്ടു വർഷങ്ങളായി. മണ്ഡല മകരവിളക്ക് ഉത്സവ സീസണിലും മലയാളമാസങ്ങളിലെ ആദ്യദിനങ്ങളിലും ചെങ്ങന്നൂരിൽ ട്രെയിനിറങ്ങുന്ന പതിനായിരക്കണക്കിനു ശബരിമല തീർഥാടകർ ആ പേര് കൊണ്ടു തൃപ്തിപ്പെടേണ്ട
ഗതികേടിലാണ്. ചോർന്നൊലിക്കുന്ന പ്ലാറ്റ്ഫോമുകളും വെള്ളക്കെട്ടു നിറഞ്ഞ മുൻഭാഗവുമൊക്കെയാകും ഇവരെ സ്വാഗതം ചെയ്യാനുള്ളത്.
സ്റ്റേഷന്റെ നവീകരണ പദ്ധതി പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും നിർമാണം തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പഴയ കെട്ടിടം പൊളിച്ചു നീക്കുമെന്നതിനാൽ വൻതുക മുടക്കി അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ തയാറല്ല.
എന്നാൽ പണികൾ നീളുന്തോറും യാത്രക്കാരുടെ അസൗകര്യവും തുടരുന്നു.
ആവശ്യങ്ങളേറെ
മഴ പെയ്യുമ്പോൾ നനയാതെ വാഹനങ്ങളിൽ നിന്നിറങ്ങാനോ കയറാനോ പോർച്ച് പോലും സ്റ്റേഷനിൽ ഇല്ല. തീർഥാടനകാലം തുടങ്ങാൻ 17 ദിവസം മാത്രം അവശേഷിക്കെ ശുചിമുറികൾ, ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, പിൽഗ്രിം ഷെൽട്ടർ എന്നിവയുടെ അറ്റകുറ്റപ്പണികൾ ഇനിയും തുടങ്ങിയിട്ടില്ല.
പെയ്ന്റിങ്ങും നടത്തണം. സീസണിൽ മാത്രം പ്രവർത്തിക്കുന്ന ഓട്ടോ–ടാക്സി പ്രീപെയ്ഡ് കൗണ്ടർ കം പൊലീസ് എയ്ഡ്പോസ്റ്റിന്റെ പ്രവർത്തനം സ്ഥിരമാക്കണമെന്ന ആവശ്യവും ഉയരുന്നു.
തുക കുറഞ്ഞ് നവീകരണ ഫണ്ട്
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിന് ആദ്യം 220 കോടി രൂപ അനുവദിക്കുന്നെന്നായിരുന്നു പ്രഖ്യാപനം.
പിന്നീട് 190 കോടിയായി കുറഞ്ഞ തുക ഒടുവിൽ 98.16 കോടിയായി ചുരുങ്ങി. തുക മതിയാകില്ലെന്നതിനാലാണ് ടെൻഡർ നടപടികൾ വൈകുന്നതെന്നാണ് അറിവ്.
വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. ഇവ നടപ്പാക്കാൻ ഈ തുക മതിയാകില്ല.
അവലോകന യോഗം ഇന്ന്
തീർഥാടകർക്കു സൗകര്യങ്ങൾ ഒരുക്കുന്നതു ചർച്ച ചെയ്യാൻ ഇന്നു 11നു റെയിൽവേ സ്റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എംപി വിളിച്ചു ചേർക്കുന്ന അവലോകനയോഗം നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

