ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാർക്ക് നേരെ നടത്തുന്ന യാത്രാനിഷേധത്തിന് കർശന നടപടിയുമായി ആർപിഎഫ് (റെയിൽവേ സംരക്ഷണ സേന) രംഗത്ത്. ദീർഘദൂര യാത്രക്കാരെ മാത്രം ലക്ഷ്യമിട്ട് കുറഞ്ഞ ദൂരങ്ങളിലേക്കുള്ള യാത്രകൾ ഡ്രൈവർമാർ ഒഴിവാക്കുന്നത് പതിവായതോടെയാണ് സുരക്ഷാ വിഭാഗത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പുതിയ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഷൻ കവാടത്തിൽ സിംഗിൾ ഓട്ടോ പോയിന്റ് സംവിധാനം നടപ്പിലാക്കുമെന്ന് ആർപിഎഫ് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഓട്ടോറിക്ഷകൾ രണ്ട് ലൈനുകളിലായി ക്രമീകരിച്ച് ഊഴമനുസരിച്ച് യാത്രക്കാരെ കയറ്റിവിടുന്ന രീതിയാണ് കൊണ്ടുവരുന്നത്.
ഈ നിയമങ്ങൾ ലഘഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആർപിഎഫ് സ്റ്റേഷൻ സിഐ എ.കെ.പ്രിൻസ് അറിയിച്ചു. തിരുവനന്തപുരം റീജനൽ ഓഫീസിൽ നിന്ന് ഇതിനുള്ള അന്തിമ അനുമതി ലഭിച്ചാലുടൻ പുതിയ സംവിധാനം നിലവിൽ വരും.
അതേസമയം, റെയിൽവേ സ്റ്റേഷനിലെ ടാക്സി കാർ ഡ്രൈവർമാരുടെ അമിത നിര ഈടാക്കലും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. ആലപ്പുഴ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ 25ന് ഉച്ചയ്ക്ക് ചങ്ങനാശേരിയിലേക്ക് ടാക്സി വാടകയ്ക്കടുത്ത അഞ്ചംഗ കുടുംബത്തിൽ നിന്ന് വൻ തുക ഈടാക്കിയ സംഭവത്തിൽ ചങ്ങനാശേരി സ്വദേശി എ.എസ്.
സജിത്ത് ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകി. സ്റ്റേഷനിൽ നിന്ന് ചങ്ങനാശേരിയിലേക്ക് 1750 രൂപയ്ക്ക് ഉറപ്പിച്ചാണ് എർട്ടിഗ കാറിൽ കുടുംബം യാത്ര തിരിച്ചതെങ്കിലും, പിന്നീട് ഡ്രൈവർ 2200 രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള പൂവക്കാട്ടു ചിറക്കു അടുത്തുള്ള സജിത്തിന്റെ വീട്ടിലേക്ക് സ്റ്റാൻഡിൽ നിന്ന് വെറും 1.4 കിലോമീറ്റർ മാത്രമാണ് ദൂരം. ഈ ചെറിയ ദൂരത്തിന് മാത്രം അധികമായി 450 രൂപയാണ് ഡ്രൈവർ ഈടാക്കിയത്.
ചങ്ങനാശേരി നഗരസഭാ പരിധിയിൽ പോകാൻ നേരത്തെ ഉറപ്പിച്ച 1750 രൂപ മാത്രമേ നൽകൂ എന്ന് കുടുംബം വ്യക്തമാക്കിയപ്പോൾ ഡ്രൈവർ മോശമായി പെരുമാറിയെന്നും സജിത്ത് പരാതിയിൽ പറയുന്നു. യാത്രാക്ഷീണവും ഒപ്പമുണ്ടായിരുന്ന രോഗിയായ അമ്മയുടെ അവസ്ഥയും പരിഗണിച്ചാണ് ഒടുവിൽ ചോദിച്ച പണം നൽകേണ്ടി വന്നത്.
നാല് ദിവസം കൊണ്ട് 650 കിലോമീറ്റർ ദൂരം ഇന്നോവ കാറിൽ ഉഡുപ്പിയിലേക്ക് യാത്ര ചെയ്തിട്ട് ആകെ 19,000 രൂപ മാത്രമാണ് നൽകേണ്ടി വന്നതെന്നും, അത് കണക്കിലെടുക്കുമ്പോൾ ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്കുള്ള ഈ നിരക്ക് അങ്ങേയറ്റം ചൂഷണപരമാണെന്നും സജിത്ത് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

