ആലപ്പുഴ ∙ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാഴ്ചപരിമിതിയുള്ള മാതാപിതാക്കളുടെ പരാതി. മണ്ണഞ്ചേരി തകിടിവെളി വി.ബി.ജയരാജിന്റെ മകൾ രേഷ്മയാണ് (27) കഴിഞ്ഞമാസം 27ന് ഭർതൃവീട്ടിൽ മരിച്ചത്.
സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി, ഡിജിപി എന്നിവർക്ക് കുടുംബം പരാതി നൽകി. 27ന് രാവിലെ എട്ടിനാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമ്പോൾ കവിളിന്റെ ഭാഗത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്നു. 2021 ഓഗസ്റ്റ് 20നാണ് ആലപ്പുഴ തത്തംപള്ളി കറുകയിൽ സ്വദേശിയായ യുവാവുമായി വിവാഹം നടത്തിയത്.
തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ് യുവതിയുടെ കുടുംബം ഭർതൃവീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫാനിൽ ഷാളിന്റെ ഒരറ്റം കുരുക്കിട്ട നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. അച്ഛനും അമ്മയും വഴക്കിട്ടതായും ഫോൺ എറിഞ്ഞ് പൊട്ടിച്ചതായും മൂന്നുവയസ്സുള്ള രേഷ്മയുടെ മകൾ പിന്നീട് പറഞ്ഞിട്ടുണ്ട്.
വിവാഹശേഷം സ്വർണത്തിന്റെ പേരിലും വൈകല്യമുള്ള മാതാപിതാക്കളുടെ മകളാണെന്നു പറഞ്ഞും ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായി രേഷ്മ കൂട്ടുകാരിയോട് പറഞ്ഞിട്ടുണ്ട്.
ഇത് സംബന്ധിച്ച് ആലപ്പുഴ നോർത്ത് പൊലീസിലും ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വിഷയത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും പരാതി നൽകിയിട്ടുണ്ടെന്നും രേഷ്മയുടെ പിതാവ് വി.ബി.ജയരാജ്, മാതാവ് ഷീല,ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സെക്രട്ടറി പി.ജി.മനു എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

