ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് നഗരവാസികൾക്ക് കടുത്ത ദുരിതമാകുന്നു. പാലം നിർമ്മാണത്തിനായി തെക്കേക്കരയിലും വടക്കേക്കരയിലുമായി വഴിതിരിച്ചുവിട്ട
സർവീസ് റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കല്ലും ചെളിയും നിറഞ്ഞ് യാത്രയ്ക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിലാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ധൃതിപിടിച്ച് തുറന്നുകൊടുത്ത തെക്കേക്കരയിലെ റോഡുകൾ നിലവിൽ തകർച്ചയിലാണ്.
എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് മുൻ നഗരസഭാ അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. നിലവിലെ നഗരസഭാ ഭരണസമിതിയും ഇതേ വാഗ്ദാനം ആവർത്തിച്ചെങ്കിലും സ്ഥിതിയിൽ മാറ്റമില്ല.
ടൈലുകളും വലിയ കല്ലുകളും ഇളകി കിടക്കുന്ന ഈ പാതയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുമുള്ള ഭാഗങ്ങളിൽ സർവീസ് റോഡ് ഒരുക്കിയത് വ്യാപാരികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ശക്തമായ പ്രക്ഷോഭത്തിന് ശേഷമായിരുന്നു.
എന്നാൽ, മൂന്ന് മീറ്റർ വീതിയുള്ള ഈ റോഡുകളിൽ കുഴികളും കമ്പികളും നിറഞ്ഞിരിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ ഈ ഭാഗം ചെളിക്കുളമായി മാറി.
കൂടാതെ, സർവീസ് റോഡിനടിയിലൂടെയുള്ള കുടിവെള്ള പൈപ്പ് ലൈൻ ഭാരവണ്ടികൾ കയറി പലതവണ പൊട്ടിയത് യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു. നിർമ്മാണം പൂർത്തിയാകും വരെ പൈപ്പ് ലൈൻ വഴിയുള്ള വിതരണത്തിന് ബദൽ സംവിധാനം ഒരുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
പാലം നിർമ്മാണമാകട്ടെ മാസങ്ങളായി മന്ദഗതിയിലാണ്. മാർച്ച് മുതൽ വേഗത കുറഞ്ഞ നിർമ്മാണം ഏപ്രിൽ ആദ്യം മുതൽ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
കരാർ കമ്പനിയിലെ നൂറിലേറെ അതിഥിത്തൊഴിലാളികൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയത് ജോലികളെ പ്രതികൂലമായി ബാധിച്ചു. കിഫ്ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

